പി സി ജോർജിനെ നിയന്ത്രിക്കാൻ സർക്കാറിന് കഴിയുന്നില്ല; രൂക്ഷ വിമർശനവുമായി വി ഡി സതീശൻ

കൊച്ചി: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പി സി ജോർജ്ജ് വിഷയത്തിലാണ് സംസ്ഥാന സർക്കാറിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രംഗത്തെത്തിയത്. പി സി ജോർജിനെ നിയന്ത്രിക്കാൻ സർക്കാറിന് കഴിയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പി.സി ജോർജിനെ നേരത്തെ അറസ്റ്റ് ചെയ്തത് നാടകമാണെന്നും അദ്ദേഹം ആരോപിച്ചു.

പി സി ജോർജ് നടത്തിയ ആദ്യത്തെ വിദ്വേഷ പ്രസംഗ കേസിൽ നിബന്ധനങ്ങൾക്ക് വിധേയമായാണ് കോടതി പി.സി ജോർജിന് ജാമ്യം അനുവദിച്ചത്. എന്നാൽ, ജാമ്യം ലഭിച്ച് പുറത്തിറങ്ങി ഏതാനും മണിക്കൂറുള്ളിൽ പി.സി ജോർജ് നിലപാട് ആവർത്തിച്ചു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനിടെ വെണ്ണലയിൽ ജോർജ് വിദ്വേഷ പ്രസംഗം ആവർത്തിക്കുകയും ചെയ്തുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വർഗീയ വിദ്വേഷം നടത്തുന്നവരെ നിയന്ത്രിക്കാൻ സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സത്യവാങ്മൂലം കൊടുത്തത് സർക്കാരാണ്. ഭരിക്കാൻ കഴിവില്ലെന്ന് പറയുന്നത് ഇതിനേക്കാൾ ഉത്തമമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തൃക്കാക്കരയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നോടിയായി ഒരു അറസ്റ്റ് നാടകം കൂടി നടത്താനുള്ള തിരക്കഥയുടെ ഭാഗമായ നടപടികളാണ് നടക്കുന്നത്. കൃത്യമായ സത്യവാങ്മൂലം സർക്കാർ കോടതിയിൽ സമർപ്പിക്കാതിരുന്നതും കോടതിയിൽ പ്രോസിക്യൂട്ടർ ഹാജരാകാതിരുന്നതും അറസ്റ്റ് ചെയ്ത പ്രതിയെ സ്വന്തം വാഹനത്തിൽ യാത്ര ചെയ്യാൻ പൊലീസ് അനുവദിച്ചതും എന്തു കൊണ്ടാണെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

അതേസമയം, കെ റെയിൽ പദ്ധതിക്കെതിരെയും വി ഡി സതീശൻ വിമർശനം ഉന്നയിച്ചു. അടുത്ത മാസത്തെ ശമ്പളം കൊടുക്കാൻ കാശില്ലാത്ത സർക്കാരിന്റെ മുഖ്യമന്ത്രിയാണ് രണ്ട് ലക്ഷം കോടിയുടെ സിൽവർ ലൈൻ നടപ്പാക്കുമെന്ന് പറയുന്നത്. കേരളത്തിലെ ജനങ്ങൾക്ക് മുന്നിൽ പിണറായി വിജയൻ പരിഹാസ്യനാകുകയാണ്. സിൽവർ ലൈൻ പദ്ധതി കേരളത്തിൽ നടക്കില്ല. ഒരിടത്തും കല്ലിടില്ല. കല്ലിട്ടാൽ പിഴുതെറിയുമെന്ന് അദ്ദേഹം വ്യക്തമാക്കി.

തൃക്കാക്കരയിൽ ഒരാഴ്ച നിന്നപ്പോൾ മുഖ്യമന്ത്രിക്ക് കാര്യം ബോധ്യപ്പെട്ടു. യു.ഡി.എഫ് വൻ ഭൂരിപഷത്തിൽ ജയിക്കുമെന്ന് മനസിലായതു കൊണ്ടാണ് ഉപതിരഞ്ഞെടുപ്പ് ഫലം ഭരണത്തിന്റെ വിലയിരുത്തിലാകുമെന്ന് മുഖ്യമന്ത്രി പറയാത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.