ഗ്യാൻവാപി മസ്ജിദ് സർവ്വേയിൽ ഇടപെട്ട് സുപ്രീംകോടതി; പള്ളിയുടെ സംരക്ഷണം ജില്ലാ മജിസ്ട്രേറ്റിനെന്ന് നിർദ്ദേശം

ന്യൂഡൽഹി: ഗ്യാൻവാപി മസ്ജിദ് സർവ്വേയിൽ ഇടപെടലുമായി സുപ്രീം കോടതി. സർവേ കമ്മീഷണർ അജയ് മിശ്രയെ മാറ്റി സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചു. സർവേ വിവരങ്ങൾ ചോർന്നതിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ. അതേസമയം, സർവേ റിപ്പോർട്ട് സമർപ്പിക്കാൻ 2 ദിവസം കൂടി വാരണാസി കോടതി അനുമതി നൽകി.

സർവേ നിർത്തി വയ്ക്കാൻ നിർദേശിക്കണമെന്നാണ് മസ്ജിദ് കമ്മിറ്റി കോടതിയിൽ ആവശ്യപ്പെട്ടത്. ഗ്യാൻവാപി ആരാധനാലയമാണ്. ശിവലിംഗം കണ്ടുവെന്ന വാദം അംഗീകരിക്കാനാകില്ല. മുന്നറിയിപ്പില്ലാതെ മസ്ജിദ് പരിസരം സീൽ ചെയ്തത് തെറ്റായ നടപടിയാണ്. വരാണസി കോടതിയുടെ നടപടി തിടുക്കത്തിലായെന്നും പറയാനുളളത് കേൾക്കാനുള്ള സാവകാശം കോടതി കാട്ടിയില്ലെന്നും മസ്ജിദ് കമ്മിറ്റി അറിയിച്ചു.

കാര്യങ്ങൾ കീഴ്‌ക്കോടതി തീരുമാനിക്കട്ടെയെന്നാണ് കോടതി അറിയിച്ചത്. ശിവലിംഗം എവിടെയെന്ന് കോടതി ചോദിച്ചു. ജില്ല മജിസ്‌ട്രേറ്റ് പോലും ഇത് കണ്ടിട്ടില്ല. സീൽ ചെയ്ത സ്ഥലം സംരക്ഷിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ജില്ലാ മജിസ്‌ട്രേറ്റിനാണ് സംരക്ഷണ ചുമതല. സുരക്ഷയുടെ പേരിൽ മുസ്ലീങ്ങളുടെ ആരാധനാ സ്വാതന്ത്ര്യം തടസപ്പെടരുതെന്നും കോടതി നിർദ്ദേശം നൽകി.