പുഷ്പ-2: ഡിജിറ്റല്‍ സ്ട്രീമിംഗ് അവകാശങ്ങള്‍ക്കായി ഒടിടി പ്ലാറ്റ്‌ഫോമുകള്‍ തമ്മില്‍ മത്സരം

ചിത്രീകരണം പോലും പൂര്‍ത്തിയാകാത്ത അല്ലു അര്‍ജുന്‍ ചിത്രം പുഷ്പ രണ്ടാം ഭാഗത്തിന്റെ ഡിജിറ്റല്‍ സ്ട്രീമിംഗ് അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള മത്സരമാണ് ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ തമ്മില്‍ നടക്കുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ പുഷ്പ 2 വിന്റെ തിയേറ്റര്‍ റിലീസിന് ശേഷമുള്ള ഡിജിറ്റല്‍ സ്ട്രീമിംഗ് അവകാശങ്ങള്‍ക്ക് വലിയ ഡിമാന്‍ഡാണ്. രണ്ട് പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളാണ് ഡിജിറ്റല്‍ സ്ട്രീമിംഗ് അവകാശങ്ങള്‍ക്കായി പോരാടുന്നത് എന്നാണ് റിപ്പോര്‍ട്ട്. ആദ്യ ഭാഗത്തിന്റെ വമ്ബന്‍ വിജയം തന്നെയാണ് രണ്ടാം ഭാഗത്തിലേക്കും നയിച്ചിരിക്കുന്നത്. ഇപ്പോള്‍ ആമസോണ്‍ പ്രൈം വീഡിയോയിലാണ് പുഷ്പ: ദി റൈസ് സ്ട്രീം ചെയ്യുന്നത്.

ഹിന്ദിയില്‍ നിന്ന് മാത്രം 100 കോടിയാണ് പുഷ്പ നേടിയത്. പുഷ്പ – 2നുവേണ്ടി 100 ദിവസമാണ് അല്ലു അര്‍ജുന്‍ നീക്കിവെച്ചിരിക്കുന്നത്. കള്ളക്കടത്തുകാരന്‍ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അര്‍ജുന്‍ സിനിമയില്‍ അവതരിപ്പിക്കുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്‍ജുന്‍ പുഷ്പയില്‍ എത്തുന്നത്. മൈത്രി മൂവി മേക്കേഴ്‌സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മ്മിച്ചിരിക്കുന്നത്.