സിനിമാ രംഗത്ത് പ്രവര്‍ത്തിച്ച് അവസാനം ആരും നോക്കാനില്ലത്തവരെ സംരക്ഷിക്കാന്‍ സംസ്ഥാന ഗവണ്‍മെന്റ് തീരുമാനിച്ചുവെന്നും ഇവര്‍ക്കായി ഒരു കെട്ടിടം പണിയാന്‍ പോകുന്നുവെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി. പത്തനാപുരം ഗാന്ധിഭവനില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
വേദിയിലുണ്ടായിരുന്ന സംവിധായകന്‍ ജയരാജിനോട് ഉള്‍പ്പടെ ധൈര്യമായി അഭിനയിച്ചോളാനും ഭാവിയില്‍ ആരും നോക്കാന്‍ ഇല്ലാതെ വന്നാല്‍ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘മാധവന്‍ ചേട്ടനെ കണ്ടതാണ് തീരുമാനത്തിന് പിന്നില്‍. അറുന്നൂറോളം സിനിമയില്‍ അഭിനയിച്ച മാധവന്‍ ചേട്ടന്‍ എങ്ങനെ ഗാന്ധി ഭവനില്‍ എത്തിയെന്ന് ഞാന്‍ ചിന്തിച്ചു. ഗാന്ധി ഭവനില്‍ അദ്ദേഹം നൂറ് ശതമാനം സുരക്ഷിതനാണ്. പക്ഷേ ആര്‍ക്കും അങ്ങനെ എത്തേണ്ടി വരും. ഇന്നൊരു മാധവന്‍ ചേട്ടനാണെങ്കില്‍ നാളെ ഒരു സജി ചെറിയാന്‍. ആര്‍ക്കും അവിടെ എത്തേണ്ടി വരും. ‘അമ്മ’യുടെ ആദ്യത്തെ സെക്രട്ടറിയാണ്. ‘അമ്മ’യുടെ ആരുമിപ്പോള്‍ ആ അപ്പനെ നോക്കുന്നില്ലെന്നതാണ് വേറെ പ്രശ്‌നം. ഗവണ്‍മെന്റ് ആലോചിച്ച് തീരുമാനമെടുത്തു. മനോഹരമായ സംരക്ഷണ കേന്ദ്രം ഈ വര്‍ഷം തന്നെ പണിയും. സാധിക്കുമെങ്കില്‍ ആദ്യത്തെ അന്തേവാസിയായി മാധവന്‍ ചേട്ടനെത്തന്നെ കൊണ്ടുപോകും’- മന്ത്രി കൂട്ടിച്ചേര്‍ത്തു.

