തൃക്കാക്കരയില്‍ എല്‍ഡിഎഫ് ചരിത്രം സൃഷ്ടിക്കുമെന്ന് മന്ത്രി പി. രാജീവ്; ട്വന്റി-ട്വന്റി അനുഭാവികളോട് വോട്ടഭ്യര്‍ഥിക്കുന്നതായും മന്ത്രി

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ കിഴക്കമ്പലം ട്വന്റി-20 ഉള്‍പ്പെടെ എല്ലാ കക്ഷികളുടെയും വോട്ട് അഭ്യര്‍ത്ഥിക്കുന്നതായും തൃക്കാക്കരയില്‍ എല്‍ഡിഎഫ് ചരിത്രം സൃഷ്ടിക്കുമെന്നും മന്ത്രി പി. രാജീവ് പറഞ്ഞു. വോട്ടഭ്യര്‍ത്ഥന പറയുന്നില്ലെന്ന സാബു എം ജേക്കബിന്റെ വിമര്‍ശനത്തിന് പിന്നാലെയാണ് മന്ത്രിയുടെ പരസ്യ നിലപാട്.

അതേസമയം, കിഴക്കമ്പലത്തില്‍ വൈകീട്ട് നടക്കുന്ന പൊതുസമ്മേളനത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ട്വന്റി ട്വന്റി ചീഫ് കോഓര്‍ഡിനേറ്റര്‍ സാബു ജേക്കബും ചേര്‍ന്ന് ആംആദ്മിയും ട്വന്റി ട്വന്റിയും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഉള്ള തീരുമാനമെടുക്കും. തൃക്കാക്കരയിലെ രാഷ്ട്രീയ നിലപാടിലും സൂചന നല്‍കും.

സംസ്ഥാനത്ത് പാര്‍ട്ടി വളര്‍ത്താന്‍ സംസ്ഥാന നേതൃത്വം തയ്യാറാക്കിയ റിപ്പോര്‍ട്ട് കെജ്രിവാളിന് മുന്നില്‍ നേതാക്കള്‍ അവതരിപ്പിക്കും. പാര്‍ട്ടിയുടെ തുടര്‍ നയങ്ങള്‍ തീരുമാനിക്കുന്നതില്‍ കെജ്രിവാളിന്റെ നിലപാട് അന്തിമമാകും. വൈകീട്ട് കിഴക്കമ്പലത്തെ ട്വന്റി 20 ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റും ഗോഡ്‌സ് വില്ലയും കെജ്രിവാള്‍ സന്ദര്‍ശിക്കുകയും 5 മണിക്ക് കിറ്റക്‌സ് ഗാര്‍മെന്റ്‌സ് ഗ്രൗണ്ടില്‍ സംഘടിപ്പിക്കുന്ന ജനസംഗമ പരിപാടിയില്‍ കെജ്രിവാള്‍ സംസാരിക്കുകയും ചെയ്യും. രാത്രി 9 മണിക്ക് അദ്ദേഹം ഡല്‍ഹിക്ക് മടങ്ങും.