ഗുജറാത്ത് മോഡൽ; സിഎം ഡാഷ് ബോർഡ് സംവിധാനത്തിലേക്കു മാറാൻ തയ്യാറെടുത്ത് കേരളവും

തിരുവനന്തപുരം: ഗുജറാത്തിലേതിനു സമാനമായി സിഎം ഡാഷ് ബോർഡ് സംവിധാനത്തിലേക്കു മാറാൻ തയ്യാറെടുത്ത് കേരളവും. ഗുജറാത്തിലെ സിഎം ഡാഷ് ബോർഡ് സംവിധാനം അതേപടി നടപ്പിലാക്കുന്നതിനു പകരം, ചില നല്ല വശങ്ങൾ മാത്രം സ്വീകരിക്കാനാണ് കേരളം പദ്ധതിയിടുന്നത്. ഡാഷ് ബോർഡ് കൺട്രോൾ റൂം ക്ലിഫ് ഹൗസിൽ സജ്ജമാക്കാനും സർക്കാർ ലക്ഷ്യമിടുന്നു. ചീഫ് സെക്രട്ടറി വി.പി.ജോയിയുടെ ഗുജറാത്ത് സന്ദർശനത്തിനു പിന്നാലെയാണ് സിഎം ഡാഷ്‌ബോർഡ് സംവിധാനത്തിലേക്ക് മാറാൻ കേരളം ലക്ഷ്യമിടുന്നത്.

ഗുജറാത്തിൽ ഓരോ സർക്കാർ വകുപ്പിലും പദ്ധതിയിലും എന്തു നടക്കുന്നുവെന്നു സ്‌ക്രീനിലൂടെ തൽസമയം നിരീക്ഷിക്കാൻ വേണ്ടിയാണ് ഡാഷ്‌ബോർഡ് സംവിധാനം രൂപീകരിച്ചത്. 2017 ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വിജയ് രൂപാണിയാണ് സിഎം ഡാഷ് ബോർഡ് എന്ന സംവിധാനത്തിന് തുടക്കം കുറിച്ചത്. 2206 സർക്കാർ പദ്ധതികളും 1501 അതോറിറ്റികളുടെ പ്രവർത്തനവും ഇതിലൂടെ നിരീക്ഷിക്കാൻ കഴിയും. ഉദ്യോഗസ്ഥരുടെ പ്രകടനത്തിനു ഗ്രേഡ് നൽകാം. നാഷനൽ ഇൻഫർമാറ്റിക്‌സ് സെന്ററിന്റെ സഹായത്തോടെയാണ് പദ്ധതി ആരംഭിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ അദ്ദേഹം നിർദേശിച്ചതനുസരിച്ചാണ് ഡാഷ് ബോർഡ് സംവിധാനത്തെക്കുറിച്ച് പഠിക്കാൻ കേരളം തീരുമാനിച്ചത്. തുടർന്ന് ഏപ്രിൽ 28, 29 തീയതികളിൽ ചീഫ് സെക്രട്ടറി വി.പി.ജോയി ഉൾപ്പെടുന്ന സംഘം ഡാ,് ബോർഡ് സംവിധാനത്തെ കുറിച്ച് പഠിക്കാൻ വേണ്ടി ഗുജറാത്തിൽ സന്ദർശനം നടത്തിയിരുന്നു. ക്ലിഫ് ഹൗസിൽ പുതിയ സംവിധാനം ആവിഷ്‌ക്കരിച്ചാൽ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ മുഖ്യമന്ത്രിയുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നതാണ്.