കാബൂൾ: വീണ്ടും കാടൻ നിയമങ്ങളുമായി താലിബാൻ. പടിഞ്ഞാറൻ ഹെറാത്ത് പ്രവിശ്യയിൽ റസ്റ്റോറന്റുകളിൽ സ്ത്രീയും പുരുഷനും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നത് താലിബാൻ വിലക്കിയതായാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഫാമിലി റെസ്റ്റോറന്റുകളിൽ കുടുംബാംഗങ്ങൾക്കൊപ്പം ഭക്ഷണം കഴിക്കാൻ പുരുഷന്മാർക്ക് അനുവാദമില്ലെന്നാണ് മാദ്ധ്യമങ്ങൾ വ്യക്തമാക്കുന്നത്.
ഭാര്യാ ഭർത്താക്കന്മാരാണെങ്കിലും ഇത്തരത്തിൽ ഒരുമിച്ചിരുന്ന ഭക്ഷണം കഴിക്കാൻ അനുവദിക്കുന്നില്ലെന്ന് ബന്ധപ്പെട്ട് വകുപ്പ് വ്യക്തമാക്കുന്നതായാണ് വിവരം. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക ദിവസങ്ങളിൽ മാത്രം പങ്കെടുക്കാൻ അധികാരമുള്ള ഹെറാത്തിലെ പൊതു പാർക്കുകൾ ലിംഗഭേദം പാലിക്കണമെന്ന് മന്ത്രാലയം നിർദ്ദേശം പുറപ്പെടുവിച്ചതായി പ്രമോഷൻ ഓഫ് വിർച്യൂ ആന്റ് പ്രിവൻഷൻ ഓഫ് വൈസ് മന്ത്രാലയത്തിലെ താലിബാൻ ഉദ്യോഗസ്ഥനായ റിയാസുല്ല സീരത്ത് അറിയിച്ചു.
വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ പാർക്കുകളിൽ പോകാൻ സ്ത്രീകൾക്ക് അനുവാദമുണ്ട്. മറ്റുള്ള ദിവസങ്ങൾ പുരുഷന്മാർക്ക് വിശ്രമത്തിനും വ്യായാമത്തിനും വേണ്ടി നീക്കിവച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മാർച്ചിൽ, താലിബാൻ സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു, ഒരേ ദിവസം അമ്യൂസ്മെന്റ് പാർക്കുകളിൽ പോകുന്നതിൽ നിന്ന് പുരുഷന്മാരെയും സ്ത്രീകളെയും വിലക്കിക്കൊണ്ടുള്ള ഉത്തരവാണ് താലിബാൻ പുറപ്പെടുവിച്ചത്.

