കാന്‍ ചലച്ചിത്ര മേള: ഇന്ത്യന്‍ പ്രതിനിധിയായി നയന്‍താരയും

ന്യൂഡല്‍ഹി: കാന്‍ ചലച്ചിത്രമേളയുടെ ആദ്യദിനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് റെഡ് കാര്‍പ്പറ്റിലെത്തുന്നത് ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര. മെയ് 17ന് ഫ്രാന്‍സില്‍ തുടങ്ങുന്ന മേളയുടെ ഉദ്ഘാടന ദിവസം വാര്‍ത്താവിതരണ മന്ത്രി അനുരാഗ് ഠാക്കൂറാണ് ഇന്ത്യയുടെ പ്രതിനിധിസംഘത്തെ നയിക്കുന്നത്. നടന്മാരായ അക്ഷയ് കുമാര്‍, നവാസുദ്ദീന്‍ സിദ്ദിഖി, മാധവന്‍, നടിമാരായ നയന്‍താര, പൂജ ഹെഡ്ഗെ, തമന്ന ഭാട്ടിയ, വാണി ത്രിപാഠി, സംഗീതസംവിധായകരായ എ.ആര്‍. റഹ്മാന്‍, റിക്കി കെജ്, ഗായകന്‍ മമെ ഖാന്‍, സംവിധായകന്‍ ശേഖര്‍ കപൂര്‍, സെന്‍സര്‍ബോര്‍ഡ് ചെയര്‍മാന്‍ പ്രസൂണ്‍ ജോഷി എന്നിവരാണ് ഇന്ത്യന്‍ പ്രതിനിധി സംഘത്തിലുണ്ടാവുക.

ഇന്ത്യന്‍ സിനിമയും സംസ്‌കാരവും മുന്‍നിര്‍ത്തിയുള്ള അവതരണങ്ങള്‍ കാന്‍ ചലച്ചിത്ര മേളയിലുണ്ടാകും. മേളയുടെ ഭാഗമായുള്ള ഫിലിം മാര്‍ക്കറ്റില്‍ ആദ്യ ‘കണ്‍ട്രി ഓഫ് ഓണര്‍’ അംഗീകാരവും ഇന്ത്യയ്ക്കാണ്.

അതേസമയം പ്രശസ്ത സംവിധായകരായ റബേക്ക ഹാള്‍, അസ്ഗര്‍ ഫര്‍ഹാദി എന്നിവരടങ്ങിയ ജൂറിയില്‍ നടി ദീപിക പദുകോണും ഉണ്ട്. എട്ട് പേരാണ് ജൂറിയിലുള്ളത്. ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ പദ്മഭൂഷണ്‍ നമ്ബി നാരായണന്റെ ജീവിതം ആസ്പദമാക്കിയ റോക്കട്രി – ദ നമ്ബി ഇഫക്ട് മെയ് 19ന് പ്രദര്‍ശിപ്പിക്കും.