ശ്രീലങ്കയിലെ പ്രതിഷേധം; കലാപം അടിച്ചമർത്താൻ സൈന്യത്തിന് കൂടുതൽ അധികാരം നൽകി പ്രസിഡന്റ്

കൊളംബോ: ശ്രീലങ്കയിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം ശക്തമായതോടെ സൈന്യത്തിന് കൂടുതൽ അധികാരം നൽകി. സർക്കാരിനെതിരെയുള്ള കലാപം അടിച്ചമർത്താൻ വേണ്ടിയാണ് പ്രസിഡന്റ് ഗോത്തബയ രജപക്‌സെ സൈന്യത്തിന് കൂടുതൽ അധികാരം നൽകിയത്. അതേസമയം, ശ്രീലങ്കയിൽ അക്രമണത്തിൽ പരിക്കേറ്റവരുടെ എണ്ണം 250 ന് മുകളിലെത്തി. 8 പേർ കലാപത്തിൽ കൊല്ലപ്പെട്ടു. കോടിക്കണക്കിന് രൂപയുടെ പൊതുമുതലും നശിപ്പിക്കപ്പെട്ടു.

പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും രാജിവെച്ച മഹീന്ദ രജപക്‌സെ രഹസ്യ താവളത്തിലേക്ക് മാറിയിരിക്കുകയാണ്. ക്രമസമാധാന തകർച്ചയുടെ പേരിൽ രജപക്‌സയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമായതോടെയാണ് അദ്ദേഹം രഹസ്യ താവളത്തിലേക്ക് മാറിയത്. ആയുധധാരികളായ സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പമാണ് അദ്ദേഹം രഹസ്യകേന്ദ്രത്തിലേക്ക് രക്ഷപ്പെട്ടത്.

പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും രാജിവെച്ചതിന് പിന്നാലെ മഹിന്ദയുടെ കുരുണേഗലയിലുള്ള വീടിന് പ്രക്ഷോഭകർ തീവെച്ചിരുന്നു. ഹംബൻടോട്ടയിലെ മെഡമുലനയിലുള്ള രാജപക്‌സെമാരുടെ കുടുംബവീടിനും തീയിട്ടിരുന്നു. ഇതോടെയാണ് ആയുധധാരികളായ സംഘത്തോടൊപ്പം രജപക്സെ അഞ്ജാത കേന്ദ്രത്തിലേക്ക് മാറിയത്. ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് ജനങ്ങൾ സർക്കാരിനെതിരെ തിരിഞ്ഞത്.

രാജപക്‌സെ അനുയായികളുമായി പോയ മൂന്ന് ബസുകൾ പ്രതിഷേധക്കാർ കഴിഞ്ഞ ദിവസം ആക്രമിച്ച് തകർത്തിരുന്നു.