ആരോപണം പിൻവലിച്ച് മന്ത്രി പി രാജീവ് മാപ്പ് പറയണം; വി ഡി സതീശൻ

കൊച്ചി: എൽഡിഎഫിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വൻ ഭൂരിപക്ഷത്തിൽ ഉമ തോമസ് വിജയിക്കുമെന്ന് ഉറപ്പായപ്പോൾ കള്ളപ്രചരണവുമായി ഇടതുപക്ഷം രംഗത്തെത്തിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. തൃക്കാക്കരയിലേക്ക് മെട്രോ റെയിൽ നീട്ടാൻ യുഡിഎഫ് എം.പിമാർ ഇടപെട്ടില്ലെന്ന മന്ത്രി പി.രാജീവിന്റെ പരാമർശം പച്ചകള്ളമാണെന്ന് അദ്ദേഹം പറഞ്ഞു.

എറണാകുളം എം.പി ഹൈബി ഈഡൻ വിഷയം പാർലമെന്റിൽ ഉന്നയിച്ചതിന്റെ തെളിവുകൾ ഞങ്ങൾ ഹാജരാക്കാം. ആരോപണം പിൻവലിച്ച് മന്ത്രി പി.രാജീവ് ഹൈബി ഈഡനോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യുഡിഎഫിനെതിരെ ആരോപണം ഉന്നയിക്കുന്നതിന് മുൻപ് മൂന്ന് പ്രാവശ്യം ആലോചിക്കണം. വെറുതെ അബദ്ധത്തിൽ ചാടരുത്. പാർലമെന്റ് അർബൻ ഡെവലപ്‌മെന്റ് കമ്മിറ്റിയിലും മെട്രോ റെയിൽ തൃക്കാക്കരയിലേക്ക് നീട്ടണമെന്ന് നിരന്തരമായി എറണാകുളം എം.പി ആവശ്യപ്പെട്ടതിന്റെ രേഖകളും ഹാജരാക്കാം. കൊച്ചിയിൽ കേന്ദ്രമന്ത്രി എത്തിയപ്പോഴും എറണാകുളം എം.പി ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. എത്ര മനോഹരമായാണ് ഹൈബി ഈഡൻ തൃക്കാക്കരയിലേക്കുള്ള മെട്രോ റെയിൽ എക്സ്റ്റൻഷനെ കുറിച്ച് പാർലമെന്റിൽ സംസാരിച്ചതെന്ന് മന്ത്രി ആദ്യമൊന്ന് കാണണമെന്നും അദ്ദേഹം വ്യക്തമാക്കി.

ബി.ജെ.പിക്കെതിരെ പ്രതിപക്ഷ നേതാവ് ഒന്നും സംസാരിക്കുന്നില്ലെന്നതാണ് രാജീവിന്റെ മറ്റൊരു ആരോപണം. ആ പരിപ്പ് ഈ അടുപ്പിൽ വേവില്ല. ബി.ജെ.പിക്കെതിരെ ശക്തമായ രാഷ്ട്രീയ നിലപാട് എടുത്തിരിക്കുന്ന പ്രസ്ഥാനമാണ് കോൺഗ്രസ്. ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും ഏറ്റവും കൂടുതൽ എതിർക്കുന്നത് കോൺഗ്രസാണ്. ഭൂരിപക്ഷ വർഗീയതയുമായി ചേർന്ന് നിൽക്കുന്ന പി.സി ജോർജിനെ കെട്ടിപ്പിടിച്ച് ഉമ്മവച്ച് അനുഗ്രഹം നേടിയെത്തിയ ആളെ സ്ഥാനാർഥിയാക്കിയ ആളാണ് പി രാജീവ്. പി.സി ജോർജിനെ അറസ്റ്റ് ചെയ്തതും നാടകമായിരുന്നെന്ന് മനസിലാക്കാനുള്ള ശേഷി ജനങ്ങൾക്കുണ്ടെന്നും വി ഡി സതീശൻ ചൂണ്ടിക്കാട്ടി.

പിണറായി വിജയൻ കേന്ദ്രത്തിലെ ബിജെപിയുമായി എല്ലാ അഡ്ജസ്റ്റ്‌മെന്റുകളും നടത്തിയ ശേഷം കോൺഗ്രസ് മുക്ത കേരളത്തിന് വേണ്ടി ശ്രമിക്കുകയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി ബാന്ധവമുണ്ടാക്കിയവരാണ് കേരളത്തിലെ സിപിഎമ്മുകാർ. തങ്ങളുടെ മതേതരത്വ നിലപാടിനെ ചോദ്യം ചെയ്യാൻ ഒരു സി.പി.എം നേതാവും വളർന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.