കൊളംബോ: സാമ്പത്തിക പ്രതിസന്ധിയിൽ വലഞ്ഞ് ശ്രീലങ്ക. രാജ്യത്തെ ജനങ്ങൾ പ്രക്ഷോഭം ശക്തമായതോടെ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജി സമർപ്പിച്ചിരുന്നു. രജപക്സെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറിയിരിക്കുകയാണെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. ആയുധധാരികളാണ് ഒരു കൂട്ടം സംഘത്തോടൊപ്പമാണ് ഇപ്പോൾ രജപക്സെ കഴിയുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും രാജിവെച്ചതിന് പിന്നാലെ മഹിന്ദയുടെ കുരുണേഗലയിലുള്ള വീടിന് പ്രക്ഷോഭകർ തീവെച്ചിരുന്നു. ഹംബൻടോട്ടയിലെ മെഡമുലനയിലുള്ള രാജപക്സെമാരുടെ കുടുംബവീടിനും തീയിട്ടിരുന്നു. ഇതോടെയാണ് ആയുധധാരികളായ സംഘത്തോടൊപ്പം രജപക്സെ അഞ്ജാത കേന്ദ്രത്തിലേക്ക് മാറിയത്. ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണ് ജനങ്ങൾ സർക്കാരിനെതിരെ തിരിഞ്ഞത്.
രാജപക്സെ അനുയായികളുമായി പോയ മൂന്ന് ബസുകൾ പ്രതിഷേധക്കാർ കഴിഞ്ഞ ദിവസം ആക്രമിച്ച് തകർത്തിരുന്നു. ഇതുവരെ 150 ലേറെ പേർക്ക് കലാപത്തിൽ പരിക്കേറ്റതായാണ് വിവരം.
അതേസമയം, ശ്രീലങ്കയിൽ ബുധനാഴ്ച്ച വരെ കർഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്. യുദ്ധക്കളമായ ശ്രീലങ്കയിൽ സൈന്യത്തെ ഇറക്കിയിട്ടുണ്ട്. ബ്രിട്ടന്റെ അധീനതയിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം രാജ്യം നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക നേരിടുന്നത്. ഹമ്പൻതോട്ടയിലെ ഡിആർ രാജപക്സെ സ്മാരകവും പ്രതിഷേധക്കാർ തകർത്തു.

