പെണ്‍കുട്ടികളെ മാറ്റിനിര്‍ത്തുന്നതും, അപമാനിക്കുന്നതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും; കുറിപ്പുമായി ഫാത്തിമ തെഹ്‌ലിയ

മലപ്പുറത്ത് നടന്ന ചടങ്ങില്‍ പെണ്‍കുട്ടി വേദിയില്‍ കയറുന്നതിനെ സമസ്ത നേതാവ് എതിര്‍ത്ത സംഭവത്തില്‍ മുസ്ലിം പെണ്‍കുട്ടികളെ വേദികളില്‍ നിന്നും മാറ്റി നിറുത്തുന്നതും അപമാനിക്കുന്നതും സമൂഹത്തില്‍ ദൂരവ്യാപകമായ പ്രതിഷേധങ്ങളുണ്ടാക്കുമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ നിലപാട് വ്യക്തമാക്കി ഹരിത മുന്‍ നേതാവ് ഫാത്തിമ തഹ്ലിയ.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം മനോഹരമായി പരിഭാഷപ്പെടുത്തിയ പതിനാറുകാരി സഫാ ഫെബിനെ ഓര്‍മ്മയില്ലേ? അവളൊരു ഒറ്റപ്പെട്ട കുട്ടിയല്ല. തന്റേതായ പ്രതിഭകള്‍ ലോകത്തിനു മുന്നിലവതരിപ്പിച്ചു കൈയ്യടി നേടുന്ന ഒരുപാട് മുസ്ലിം പെണ്‍കുട്ടികളുണ്ട് നമ്മുടെ നാട്ടില്‍.

ന്യായാധിപരായും, ഐ എ എസുകാരായും പ്രൊഫഷനലുകളായും അവരൊട്ടനവധി മേഖലകളില്‍ തിളങ്ങുന്നു. ഇത്തരം മുസ്ലിം പെണ്‍കുട്ടികളെ സമുദായത്തോട് ചേര്‍ത്ത് നിര്‍ത്തി പ്രോത്സാഹിപ്പിക്കുകയാണ് സമുദായ നേതൃത്വം ചെയ്യേണ്ടത്. അവരുടെ കഴിവുകളും നൈപുണ്യവും സമുദായത്തിന്റേയും സമൂഹത്തിന്റേയും ഉന്നമനത്തിന് വേണ്ടി ഉപയോഗിക്കാന്‍ നമുക്ക് സാധിക്കണം.

വേദികളില്‍ നിന്ന് അവരെ മാറ്റി നിര്‍ത്തുന്നതും, അപമാനിക്കുന്നതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സമൂഹത്തിലുണ്ടാക്കുക. ഇത്തരം ദുരനുഭവങ്ങളിലൂടെ കടന്നുപോകേണ്ടി വരുന്നവര്‍, പിന്നീട് മതത്തേയും മതനേതൃത്വത്തേയും വെറുക്കുന്ന സ്ഥിതി വിശേഷമാകും സംജാതമാകുക.