സാമ്പത്തിക പ്രതിസന്ധി; സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കി ശ്രീലങ്കൻ ജനത

കൊളംബോ: കനത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിഞ്ഞ ശ്രീലങ്കൻ ജനത സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കുന്നു. കലാപത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായാണ് വിവരം. രജപക്‌സെ അനുയായികളുമായി പോയ മൂന്ന് ബസുകൾ പ്രതിഷേധക്കാർ ആക്രമിച്ച് തകർത്തു. ഇതുവരെ 150 ലേറെ പേർക്ക് കലാപത്തിൽ പരിക്കേറ്റതായാണ് വിവരം.

അതേസമയം, ശ്രീലങ്കയിൽ കർഫ്യു പ്രഖ്യാപിച്ചിരിക്കുകയാണ്. യുദ്ധക്കളമായ ശ്രീലങ്കയിൽ സൈന്യത്തെ ഇറക്കിയിട്ടുണ്ട്. ബ്രിട്ടന്റെ അധീനതയിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ശേഷം രാജ്യം നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക നേരിടുന്നത്.

ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയുടെയും കെഗല്ലയിൽ എംപി മഹിപാല ഹെറാത്തിന്റെയും വീടുകൾക്ക് പ്രതിഷേധക്കാർ തീയിട്ടു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച ജനക്കൂട്ടത്തിന് നേരെ പൊലീസ് ടിയർ ഗ്യാസ് പ്രയോഗിച്ചുവെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഹമ്പൻതോട്ടയിലെ ഡിആർ രജപക്‌സെ സ്മാരകവും പ്രതിഷേധക്കാർ തകർത്തു.