തൃശൂർ: തൃശൂർ പൂരത്തിൽ സ്വരാജ് റൗണ്ടിൽ നിന്ന് വെടിക്കെട്ട് കാണുന്നതിലെ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചു. വെടിക്കെട്ട് നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ദേവസ്വങ്ങൾ അറിയിച്ചു. അതേസമയം, പൂരം വെടിക്കെട്ടിൽ ഇളവ് വേണമോയെന്ന വിഷയത്തിൽ തീരുമാനം തിങ്കളാഴ്ച്ച സ്വീകരിക്കും. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ പ്രതിഷേധിച്ചതോടെയാണ് വെടിക്കെട്ട് കാണുന്നതിലെ നിയന്ത്രണങ്ങളിൽ ഇളവ് നൽകിയത്.
റിംഗ് റോഡിൽ ആളുകളെ തടയുന്നത് ഒഴിവാക്കുമെന്ന് പോലീസ് ഉറപ്പ് നൽകിയിട്ടുണ്ട്. സാമ്പിൾ വെടിക്കെട്ട് കാണുന്നതിൽ എത്രത്തോളം ആളുകളെ അടുത്ത് നിർത്താൻ സാധിക്കുമെന്ന് ഒരിക്കൽ കൂടി പരിശോധിക്കും. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ശേഷം വീണ്ടും യോഗം ചേരുമെന്നും പൂരം വെടിക്കെട്ടിന്റെ കാര്യത്തിൽ തീരുമാനം നാളെയുണ്ടാകുമെന്നും ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
തൃശൂർ പൂരവുമായി ബന്ധപ്പെട്ട വെടിക്കെട്ടിന്റെ നടത്തിപ്പിൽ കാലാനുസൃതമായ മാറ്റം ഇത്തവണയുണ്ടാകുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. വെടിക്കെട്ടും തൃശൂർ പൂരവും കാണാൻ പരമാവധി പേർക്ക് സൗകര്യമൊരുക്കുമെന്നും അദ്ദേഹം അറിയിച്ചു.

