ഷിഗല്ലാ; ഈ മുൻകരുതൽ നടപടികൾ ശ്രദ്ധിക്കാം

സംസ്ഥാനത്ത് വീണ്ടും ഷിഗല്ലാ രോഗം റിപ്പോർട്ട് ചെയ്തതിന്റെ ആശങ്കയിലാണ് ആരോഗ്യ വകുപ്പ്. ഷിഗല്ല വിഭാഗത്തിൽപെടുന്ന ബാക്ടീരിയകളാണ് ഷിഗല്ലോസിസ് രോഗാണുബാധയ്ക്ക് കാരണമാവുന്നത്. വയറിളക്കമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. എന്നാൽ ഇത് സാധാരണ വയറിളക്കത്തേക്കാൾ ഗുരുതരമാണെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. രോഗ ലക്ഷണങ്ങൾ ഗുരുതരാവസ്ഥയിലെത്തിയാൽ അഞ്ച് വയസിന് താഴെ രോഗം പിടിപെട്ട കുട്ടികളിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും മരണ സാധ്യത കൂടുതലാണെന്നും വിദഗ്ധർ പറയുന്നു.

രോഗികളുടെ വിസർജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പർക്കമുണ്ടായാൽ രോഗം എളുപ്പത്തിൽ വ്യാപിക്കും. പനി, രക്തംകലർന്ന മലവിസർജ്ജനം, നിർജ്ജലീകരണം, ക്ഷീണം എന്നിവ ഉണ്ടായാൽ ഉടൻ വൈദ്യസഹായം തേടണമെന്നും നിർദ്ദേശമുണ്ട്.

ഷിഗല്ലയെ തടയാനുള്ള മുൻകരുതലുകൾ

  • തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കണം
  • ഭക്ഷണത്തിന് മുമ്പും മലവിസർജനത്തിന് ശേഷവും കൈകൾ സോപ്പുപയോഗിച്ച് കഴുകുക
  • കുഞ്ഞുങ്ങളുടെ ഡയപ്പറുകൾ ശരിയായ വിധം സംസ്‌കരിക്കുക
  • രോഗ ലക്ഷണങ്ങൾ ഉള്ളവർ ആഹാരം പാകംചെയ്യാതിരിക്കുക
  • പഴകിയ ഭക്ഷണങ്ങൾ കഴിക്കാതിരിക്കുക
  • ഭക്ഷണ പദാർത്ഥങ്ങൾ ശരിയായ രീതിയിൽ മൂടിവെക്കുക
  • ഭക്ഷണ പാകം ചെയ്യുന്ന സ്ഥലങ്ങളിൽ ഈച്ച ശല്യം ഒഴിവാക്കുക
  • ഭക്ഷണം പാകം ചെയ്യുന്ന സ്ഥലങ്ങൾ വൃത്തിയും വെടിപ്പും ഉള്ളതായിരിക്കണം.