ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

കൊളംബോ: ശ്രീലങ്കയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ശനിയാഴ്ച്ച അർദ്ധരാത്രി മുതൽ അടിയന്തരാവസ്ഥ നിലവിൽ വന്നു. സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾ ദിവസംതോറും ശക്തിപ്രാപിച്ചു വരുന്ന സാഹചര്യത്തിലാണ് നടപടി. അതേസമയം, പാർലമെന്റ് സമ്മേളനം ഈ മാസം 17 വരെ നിർത്തിവച്ചിട്ടുണ്ട്. ശ്രീലങ്കയിലെ വിദ്യാർത്ഥി സംഘടനകളും പ്രതിപക്ഷവും സർക്കാരിനെതിരായ പ്രതിഷേധങ്ങൾ ശക്തമാക്കിയിരുന്നു.

കഴിഞ്ഞ പത്ത് വർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയുടെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യമാണ് ജനങ്ങൾ മുന്നോട്ടുവെയ്ക്കുന്നത്. ഗോട്ടബയ സർക്കാരിന്റെ കീഴിൽ വിദേശ കരുതൽ ശേഖരത്തിൽ ഏകദേശം 50 മില്ല്യണിന്റെ കുറവാണ് കണക്കാക്കപ്പെടുന്നത്.

ഹർത്താലിനിടെ പ്രതിഷേധക്കാരെ പാർലമെന്റ് സമുച്ചയത്തിന്റെ ക്യാമ്പസിനുള്ളിൽ കടക്കുന്നതിൽ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞിരുന്നു. എന്നാൽ ഇതെല്ലാം വകവെയ്ക്കാതെ ജനങ്ങൾ പ്രതിഷേധം തുടരുകയായിരുന്നു.