എസ്. ശ്രീജിത്തിനെ ക്രൈം ബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്നും മാറ്റിയ സംഭവം; നടിയെ ആക്രമിച്ച കേസിന്റെ മേല്‍നോട്ട ചുമതല ഇനി ആര്‍ക്കെന്ന് ഹൈക്കോടതി

തിരുവനന്തപുരം: എസ്. ശ്രീജിത്തിനെ ക്രൈം ബ്രാഞ്ച് സ്ഥാനത്തു നിന്നും മാറ്റിയതിനെതിരായ ഹര്‍ജിയില്‍ നടിയെ ആക്രമിച്ച കേസിന്റെ മേല്‍നോട്ട ചുമതല ആര്‍ക്കാണെന്ന് ഈ മാസം 19ന് ഡിജിപി മറുപടി നല്‍കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. മേധാവി സ്ഥാനത്ത് നിന്നും മാറ്റിയതോടെ കേസിന്റെ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റിയോ എന്നും വ്യക്തമാക്കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

നടിയെ ആക്രമിച്ച കേസില്‍ പുതിയ അന്വേഷണ സംഘത്തെ നിയമിച്ചു കൊണ്ട് ഡിജിപി അനില്‍ കാന്ത് പുറത്തിറക്കിയ ഉത്തരവില്‍ എസ്. ശ്രീജിത്തിന്റെ പേരെടുത്ത് പറഞ്ഞുകൊണ്ടായിരുന്നു കേസിന്റെ അന്വേഷണ ചുമതല ഏല്‍പ്പിച്ചത്. എന്നാല്‍, പിന്നീട് ശ്രീജിത്തിനെ ക്രൈം ബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്നും മാറ്റുകയായിരുന്നു. കേസിന്റെ മേല്‍നോട്ടം ഇനി ആര്‍ക്ക് എന്നതാണ് കോടതിയുടെ ചോദ്യം.

അതേസമയം, നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം മെയ് 30നകം അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി നേരത്തെ അന്ത്യശാസനം നല്‍കിയതിനാല്‍ ക്രൈംബ്രാഞ്ച് നടപടികള്‍ വേഗത്തിലാക്കിയിട്ടുണ്ട്.