‘അറസ്റ്റ് ഗൂഢാലോചനയുടെ ഭാഗം; തീവ്രവാദികളോട് പെരുമാറുന്നത് പോലെ’; പോലീസിനെതിരെ സനല്‍ കുമാര്‍ ശശിധരന്‍

തിരുവനന്തപുരം: നടി മഞ്ജു വാര്യര്‍ നല്‍കിയ പരാതിയില്‍ അറസ്റ്റിലായി ജാമ്യം ലഭിച്ചതിന് ശേഷം പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ രംഗത്ത്. ‘അറസ്റ്റ് ഗൂഢാലോചനയുടെ ഭാഗമാണ്. ജാമ്യം ലഭിക്കുന്ന കേസായിരുന്നിട്ടും തീവ്രവാദികളെ നേരിടുന്ന പോലെ ബലമായാണ് പോലീസ് പിടിച്ചു കൊണ്ടുപോയത്. പോലീസ് അറിയിച്ചിരുന്നെങ്കില്‍ ഞാന്‍ സ്റ്റേഷനില്‍ ഹാജരാകുമായിരുന്നു. എന്നാല്‍, തീവ്രവാദികളോട് പെരുമാറുന്നത് പോലെയാണ് പോലീസെത്തിയത്. മഞ്ജു വാര്യരോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നുവെന്നത് ശരിയാണ്. മഞ്ജു വാര്യര്‍ക്ക് ഭീഷണിയുണ്ടെന്ന കാര്യത്തില്‍ ഉറച്ച് നില്‍ക്കുന്നു’- സനല്‍ കുമാര്‍ ശശിധരന്‍ പറഞ്ഞു

2019 ആഗസ്റ്റ് മുതല്‍ സനല്‍കുമാര്‍ ശശിധരന്‍ ശല്യം ചെയ്യുന്നുവെന്നാണ് മഞ്ജുവിന്റെ പരാതി. സോഷ്യല്‍ മീഡിയ വഴിയും ഫോണ്‍ വഴിയും ബന്ധുക്കളും സുഹൃത്തുക്കളും വഴി സനല്‍കുമാര്‍ ശശിധരന്‍ പ്രണയാഭ്യര്‍ത്ഥന നടത്തി. ഇത് നിരസിച്ചതിലാണ് പിന്തുടര്‍ന്ന് ശല്യം ചെയ്യുന്നതെന്നും മഞ്ജു വാര്യര്‍ പരാതിയില്‍ വ്യക്തമാക്കി. ഭീഷണിപ്പെടുത്തല്‍, സോഷ്യല്‍ മീഡിയ വഴി അപമാനിക്കല്‍ തുടങ്ങിയ പരാതികളും സനല്‍കുമാര്‍ ശശിധരനെതിരെയുണ്ട്.