മൈലേജ് ഇല്ലെങ്കില്‍ തുരുമ്പ് എടുപ്പിക്കാതെ വിറ്റുകൂടെ; കെഎസ്ആര്‍ടിസിയോട് ഹൈക്കോടതി

തിരുവനന്തപുരം: സംസ്ഥാനത്ത് ഓടിക്കാതെ കെഎസ്ആര്‍ടിസി. വെറുതെ ഇട്ട് തുരുമ്പ് എടുപ്പിക്കുന്നത് എന്തിനെന്ന രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. മൈലേജ് ഇല്ലെങ്കില്‍ ബസുകള്‍ വിറ്റു കൂടെ എന്നും ഹൈക്കോടതി ചോദിച്ചു.

അതേസമയം, എണ്ണക്കമ്പനികള്‍ കെ.എസ്.ആര്‍.ടി.സിക്ക് വിപണി വിലക്ക് ഡീസല്‍ നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കുകയും ചെയ്തു. രാജ്യത്തെ മറ്റു സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നത് പോലെ കെ.എസ്.ആര്‍.ടി.സിക്കും ഡീസല്‍ അനുവദിച്ചാല്‍ മതി എന്നാണ് ഹൈക്കോടതി ഉത്തരവ്.

നിലവില്‍ കാലാവധി കഴിഞ്ഞ 920 ബസുകളാണ് കണ്ടം ചെയ്യാനുള്ളതെന്നാണ് കെഎസ്ആര്‍ടിസി ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. ഇതില്‍ 681 സാധാരണ ബസുകളും 239 ജനറം ബസുകളുമാണ്. 10 വര്‍ഷം മുതല്‍ 19 വര്‍ഷം വരെ സര്‍വീസ് നടത്തിയ ബസുകളാണ് കണ്ടം ചെയ്യുന്നത്. ഇതിന്റെ വിശദാംശങ്ങളും കൈമാറിയിട്ടുണ്ട്.