കോഴിക്കോട്: കേരളത്തിലെ ദേശ വിരുദ്ധ ശക്തികളുടെ പ്രവർത്തനങ്ങൾ കേന്ദ്രസർക്കാർ നിരീക്ഷിച്ച് വരികയാണെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ, ഇത്തരം പ്രവൃത്തികൾക്കെതിരെ കേന്ദ്രം ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കരിപ്പൂരിൽ വന്നിറങ്ങിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലുള്ളവർ പൊതുവേ ദേശ സ്‌നേഹികളാണ്. എന്നാൽ സംസ്ഥാനത്തും ദേശ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. ഇവയെല്ലാം കേന്ദ്രം നിരീക്ഷിക്കുന്നുണ്ട്. ഉചിതമായ നടപടി സർക്കാർ സ്വീകരിക്കും. മലപ്പുറത്ത് ബിജെപി പ്രവർത്തിക്കുന്നത് പ്രതികൂല സാഹചര്യങ്ങളിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ സാമൂഹ്യ വിരുദ്ധ നടപടികൾക്കെതിരെ ബിജെപി പോരാടും. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സർക്കാർ മികച്ചതാണെന്നും അദ്ദേഹം അറിയിച്ചു. കേരളത്തിലെത്തിയ ജെ പി നദ്ദയ്ക്ക് വലിയ സ്വീകരണമാണ് ബിജെപി പ്രവർത്തകർ ഒരുക്കിയിരുന്നത്. വാദ്യമേളങ്ങളുടെയും നാടൻ കലാരൂപങ്ങളുടെയും അകമ്പടിയോടെ ആയിരക്കണക്കിന് ബിജെപി പ്രവർത്തകർ ചേർന്നാണ് കരിപ്പൂരിലെത്തിയ നദ്ദയെ സ്വീകരിച്ചത്. കേരളീയ വേഷത്തിൽ മഹിളാ മോർച്ച പ്രവർത്തകരും നദ്ദയെ സ്വീകരിക്കാനെത്തിയിരുന്നു.

