കൊവിഡ് അവസാനിച്ചാലുടന്‍ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമെന്ന് അമിത് ഷാ; വിടുവായത്തം അമിത് ഷായുടെ ശീലമെന്ന് മമത

കൊല്‍ക്കത്ത: രാജ്യത്ത് കൊവിഡ് വ്യാപനം അവസാനിച്ചാലുടന്‍ പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്ത് ഈ നിയമം നടപ്പിലാക്കില്ലെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നത് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പശ്ചിമ ബംഗാളിലെ സിലിഗുരുവില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.

‘രാജ്യത്ത് പൗരത്വ നിയമം നടപ്പിലാക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രചരിപ്പിക്കുകയാണ്. ഇത് തെറ്റാണ്. കൊവിഡ് കാലം കഴിഞ്ഞാല്‍ ഉടന്‍ തന്നെ നിയമം പ്രാബല്യത്തില്‍ വരും. സിഎഎ ഒരു യാഥാര്‍ഥ്യമാണെന്നും അത് നടപ്പിലാക്കാതിരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസിന് ഒന്നും ചെയ്യാന്‍ കഴിയില്ല. രാഷ്ട്രീയ കലാപം, അഴിമതി, രാജ്യദ്രോഹം എന്നിവയ്‌ക്കെതിരെയാണ് ബിജെപി പോരാടുന്നത്. ബംഗാളിലെ സ്വേച്ഛാധിപത്യ ഭരണം ഇല്ലാതാക്കിക്കൊണ്ട് സംസ്ഥാനത്ത് ജനാധിപത്യത്തിന്റെ വെളിച്ചമെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രയത്‌നിക്കും. മൂന്ന് സീറ്റില്‍ മാത്രം ഒതുങ്ങിയിരുന്ന ബിജെപിയെ 77 സീറ്റുകള്‍ എന്ന വന്‍ വിജയത്തിലേക്ക് എത്തിച്ച ജനങ്ങള്‍ക്ക് നന്ദി അറിയിക്കുന്നു. മൂന്നാം തവണയും മുഖ്യമന്ത്രിയായി അധികാരത്തില്‍ ഏറുമ്പോള്‍ നല്ല മാറ്റങ്ങള്‍ നാം എല്ലാവരും പ്രതീക്ഷിക്കും. എന്നാല്‍, ജനങ്ങളുടെ പ്രതീക്ഷ മുഴുവന്‍ ഇല്ലാതാക്കിക്കൊണ്ടാണ് മമത വീണ്ടും രാഷ്ട്രീയ കലാപങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. ഇത് എന്നെന്നേക്കുമായി അവസാനിപ്പിക്കും’- അദ്ദേഹം ഉറപ്പ് നല്‍കി.

അതേസമയം, അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ മമത ബാനര്‍ജി തിരിച്ചടിച്ചു. ‘എന്തുകൊണ്ടാണ് ഈ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാത്തത്? 2024ല്‍ ഭരണത്തില്‍ എത്താന്‍ പോകുന്നില്ലെന്ന് ബിജെപിക്ക് നന്നായി അറിയാം. രാജ്യത്തെ ഒരു പൗരാവകാശത്തിന് നേരെയും ഒരു കടന്നുകയറ്റവും അനുവദിക്കാന്‍ കഴിയില്ല. ഐക്യമാണ് രാജ്യത്തിന്റെ ശക്തി. ഇപ്പോള്‍ അമിത് ഷാ ഒരു വര്‍ഷത്തിന് ശേഷം ബംഗാളിലേക്ക് വന്നിരിക്കുന്നു. ഓരോ തവണ വരുമ്‌ബോഴും വിടുവായത്തം പറയുകയെന്നത് അമിത് ഷായുടെ ശീലമാണ്’- മമത ചൂണ്ടിക്കാട്ടി.