ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന് നമ്പി നാരായണന്റെ ജീവിത കഥ പറയുന്ന റോക്കട്രി – ദ നമ്പി ഇഫക്ട് എന്ന ചിത്രം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും. മെയ് 19ന് ആയിരിക്കും ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയറെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ അറിയിച്ചു. ഇന്ത്യ-ഫ്രഞ്ച് നയതന്ത്ര സഹകരണം 75 വര്‍ഷം പിന്നിടുന്ന അവസരത്തില്‍, ഫിലിം ഫെസ്റ്റില്‍ ഇന്ത്യയ്ക്ക് കണ്ട്രി ഓഫ് ഓണര്‍ ബഹുമതി നല്‍കിയിട്ടുണ്ട്. ഇതാദ്യമായാണ് ഇത്തരത്തില്‍ ഒരു രാജ്യത്തെ ആദരിക്കുന്നത്.
നടന് ആര്. മാധവന് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നതും നമ്പി നാരായണനായി അഭിനയിക്കുന്നതും. ജൂലായ് ഒന്നിനാണ് ചിത്രം തിയേറ്റര്‍ റിലീസിന് ഒരുങ്ങുന്നത്. വ്യാജമായുണ്ടാക്കിയ ചാരക്കേസിനെ തുടര്‍ന്ന് നമ്ബി നാരായണന് എന്ന ശാസ്ത്രജ്ഞന്റെ വ്യക്തി ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും എന്ത് സംഭവിച്ചു? ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തെ എങ്ങനെ ബാധിച്ചു? എന്നതാണ് ചിത്രത്തിന്റെ പ്രമേയം.
ഒരേ സമയം തന്നെ ഇംഗ്ലീഷിലും, ഹിന്ദിയിലും, തമിഴിലും ചിത്രീകരിക്കുകയും മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലേക്ക് ചിത്രം മൊഴിമാറ്റുകയും ചെയ്തിട്ടുണ്ട്. അറബിക്, ഫ്രഞ്ച്, സ്പാനിഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലും ചിത്രം എത്തുന്നു. ഒരേ സമയം ഏറ്റവും കൂടുതല്‍ ഭാഷകളില്‍ പുറത്തിറങ്ങുന്ന ഇന്ത്യന്‍ ചിത്രമെന്ന വിശേഷണത്തോടെയാകും ‘റോക്കട്രി- ദ നമ്ബി ഇഫക്ട്’ തിയേറ്ററുകളിലെത്തുക. ചിത്രത്തില്‍ ബോളിവുഡ് മെഗാസ്റ്റാര്‍ ഷാരൂഖ് ഖാനും, തമിഴ് സൂപ്പര്‍ താരം സൂര്യയും അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. സിമ്രാനാണ് നായിക. ഫിലിസ് ലോഗന് ,വിന്‍സന്റ് റിയോറ്റ ), റോണ്‍ ഡൊനാഷേ തുടങ്ങിയ ഹോളിവുഡ് താരങ്ങളും രജത് കപൂര്‍, രവി രാഘവേന്ദ്ര , മിഷ ഖോഷല്‍, ഗുല്‍ഷന്‍ ഗ്രോവര്‍, കാര്‍ത്തിക് കുമാര്‍, തുടങ്ങിയ ബോളിവുഡ് താരങ്ങളും മലയാളി താരം ദിനേഷ് പ്രഭാകറും പ്രധാന വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്.

