ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്; സിനിമ മേഖലയില്‍ സമഗ്ര നിയമം പ്രാബല്യത്തില്‍ കൊണ്ടുവരുമെന്ന് സാംസ്‌കാരിക വകുപ്പ്‌

തിരുവനന്തപുരം: സംസ്ഥാനത്ത് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍മേല്‍ സാംസ്‌കാരിക വകുപ്പ് തയാറാക്കിയ കരട് നിര്‍ദ്ദേശത്തില്‍ സോഷ്യല്‍ മീഡിയയിലൂടെയുള്ള ഓഡിഷന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് വ്യക്തമാക്കി. ക്രിമിനല്‍ പശ്ചാത്തലമുള്ള ഡ്രൈവര്‍മാരെ നിയമിക്കരുത്. തുല്യവേതനം ഉറപ്പാക്കും. സിനിമ മേഖലയില്‍ സമഗ്ര നിയമം പ്രാബല്യത്തില്‍ കൊണ്ടുവരും. സിനിമ മേഖലയില്‍ കരാര്‍ നിര്‍ബന്ധമാക്കും. ജോലി സ്ഥലത്ത് മദ്യവും മയക്കുമരുന്നും പാടില്ല. സ്ത്രീക്കും പുരുഷനും തുല്യവേതനം ഉറപ്പാക്കണം. സ്ത്രീകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കരുത്. സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാത്ത താമസ, യാത്ര സൗകര്യങ്ങള്‍ ഒരുക്കരുത്. സിനിമ ജോലികളില്‍ വ്യക്തമായ കരാര്‍ വ്യവസ്ഥ നിര്‍ബന്ധമാക്കും. സ്ത്രീകളോട് അശ്ലീല ചുവയോടെയുള്ള പെരുമാറ്റം അരുത്-എന്നിങ്ങനെയാണ് കമ്മിറ്റി റിപ്പോര്‍ട്ടില്‍ സാംസ്‌കാരിക വകുപ്പിന്റെ പ്രധാന നിര്‍ദ്ദേശങ്ങള്‍. ഇന്നത്തെ യോഗത്തില്‍ ഈ നിര്‍ദേശങ്ങള്‍ അവതരിപ്പിക്കും.

അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടരുതെന്ന് ഡബ്ല്യുസിസി തന്നെ ആവശ്യപ്പെട്ടെന്ന മന്ത്രി പി. രാജീവിന്റെ പരാമര്‍ശത്തിനെതിരെ സംഘടനാ പ്രതിനിധികള്‍ യോഗത്തില്‍ പ്രതിഷേധം അറിയിക്കാനും സാധ്യതയുണ്ട്. റിപ്പോര്‍ട്ടില്‍ തുടര്‍ചര്‍ച്ചയല്ല, നിയമം കൊണ്ടുവരുകയാണ് ചെയ്യേണ്ടതെന്നാണ് ഡബ്ല്യുസിസി നിലപാട്. നേരത്തെ, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടാത്തതില്‍ സംസ്ഥാന സര്‍ക്കാരിനെ ദേശീയ വനിതാ കമ്മീഷന്‍ വിമര്‍ശിച്ചിരുന്നു. റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ തയ്യാറായില്ല. ഇക്കാര്യത്തില്‍ പതിനഞ്ച് ദിവസത്തിനുള്ളില്‍ പ്രതികരണം നല്‍കണമെന്ന് കേരള ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി വനിതാ കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍, റിപ്പോര്‍ട്ടിന്റെ കണ്ടെത്തലുകളും നിര്‍ദേശങ്ങളും പുറത്തുവിടണമെന്ന് സര്‍ക്കാരിന് എഴുതി നല്‍കിയിരുന്നുവെന്നും മന്ത്രി ഇങ്ങനെ പറയുന്നത് എന്തുകൊണ്ടെന്ന് അറിയില്ലെന്നും ഡബ്ല്യുസിസി പ്രതികരിച്ചു. ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയവരുടെ പേരുകള്‍ പരസ്യപ്പെടുത്തരുത്, റിപ്പോര്‍ട്ടിന്റെ കണ്ടെത്തലുകളും ശുപാര്‍ശകളും പരസ്യമാക്കണം എന്നിവയാണ് ജനുവരി 21ന് മന്ത്രി പി രാജീവുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ഡബ്ല്യുസിസി പറഞ്ഞത്.