ന്യൂഡൽഹി: നിർബന്ധിച്ച് ഒരു വ്യക്തിയേയും കൊണ്ട് വാക്സിൻ എടുപ്പിക്കരുതെന്ന് സുപ്രീംകോടതി. ഭരണഘടനയുടെ 21-ാം അനുച്ഛേദം അനുസരിച്ച് ഒരു വ്യക്തിയുടെ ശാരീരിക സമഗ്രതയ്ക്കുള്ള അവകാശത്തിൽ വാക്സിനേഷൻ നിരസിക്കാനുള്ള അവകാശം ഉൾപ്പെടുന്നുവെന്നാണ് സുപ്രീം കോടതി വ്യക്തമാക്കുന്നത്.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വിവിധ സംസ്ഥാന സർക്കാരുകളും അധികൃതരും ഏർപ്പെടുത്തിയ വാക്സിൻ നിർദേശങ്ങൾ ആനുപാതികമല്ലെന്നും കോടതി അറിയിച്ചു. കോവിഡ് വാക്സിൻ സ്വീകരിക്കാത്തവരിൽ നിന്ന് കോവിഡ് പകരാനുള്ള സാധ്യത, വാക്സിൻ എടുത്തവരിൽ നിന്നുള്ള പകർച്ചാ സാധ്യതയേക്കാൾ കൂടുതലാണെന്ന് കാണിക്കാനുള്ള മതിയായ വിവരങ്ങളൊന്നും സർക്കാരുകൾ കോടതിയിൽ ഹാജരാക്കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് കോടതിയുടെ നിരീക്ഷണം.
ഇക്കാര്യത്തിൽ കൃത്യതയുള്ള വിവരങ്ങളൊന്നും കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും തങ്ങൾക്ക് നൽകിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വാക്സിൻ എടുക്കാത്തവർക്ക് എല്ലാ അധികാരികളും സ്വകാര്യ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ പുനഃപരിശോധിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.
എന്നാൽ നിലവിലെ കോവിഡിന്റെ സാഹചര്യങ്ങളിൽ മാത്രമായി ഒതുങ്ങുന്നതാണ് ഈ നിർദേശമെന്നും അധികൃതർ ഏർപ്പെടുത്തിയിട്ടുള്ള മറ്റുപെരുമാറ്റച്ചട്ടങ്ങൾക്ക് ഇത് ബാധകമാകില്ലെന്നും കോടതി പറഞ്ഞു. കോവിഡ് വാക്സിനേഷൻ സംബന്ധിച്ച് കേന്ദ്ര സർക്കാരിന്റെ നയം ന്യായീകരണമുള്ളതാണ്. കോവിഡ് വാക്സിനേഷന് ശേഷമുള്ള പ്രതികൂല സംഭവങ്ങൾ വിട്ടുവീഴ്ചയില്ലാതെ പ്രസിദ്ധീകരിക്കാനും കോടതി കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചു.

