ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവരണമെന്ന നിലപാടില്‍ മാറ്റമില്ല; മന്ത്രി പി.രാജീവിനെ തള്ളി ഡബ്ല്യൂസിസി

കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വരണം എന്ന് തന്നെയാണ് ഡബ്ല്യുസിസി നിലപാടെന്നും അതില്‍ മാറ്റമില്ലെന്നും ഡബ്ല്യുസിസി അംഗം ദീദി ദാമോദരന്‍ പറഞ്ഞു. ‘സിനിമ സംഘടനകളില്‍ നിന്ന് ഒരു കാലത്തും നീതി കിട്ടിയിട്ടില്ല. വിജയ് ബാബുവിനെതിരെ ഒരു പ്രസ്താവന പോലും അമ്മ ഇറക്കിയില്ല. ഈ രംഗത്തെ പലരും മൗനം തുടരുകയാണ്. ഇത് കുറ്റവാളിക്കൊപ്പം നില്‍ക്കുന്നതിന് തുല്യമാണ്. ഇത്രയും ഹീനമായ കാര്യം നടന്നിട്ടും നിശബ്ദമായി ഇരിക്കാം എന്ന് ആര് തീരുമാനിച്ചാലും അത് തെറ്റിന് കൂടെ നില്‍ക്കുന്നതിന് തുല്യമാണ്’- ദീദി ദാമോദരന്‍ ചൂണ്ടിക്കാട്ടി.

അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടരുതെന്ന് ഡബ്ല്യുസിസി ആവശ്യപ്പെട്ടെന്ന് മന്ത്രി പി രാജീവ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ‘കമ്മീഷന്‍ ഓഫ് എന്‍ക്വയറി ആക്റ്റിന് കീഴില്‍ അല്ലാത്തതിനാല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വിടേണ്ട ആവശ്യമില്ല. റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് ഡബ്ല്യുസിസി നിലപാട് എടുത്തിട്ടില്ല. ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഞാനുമായുള്ള കൂടിക്കാഴ്ചയിലും ഇക്കാര്യം പറഞ്ഞിരുന്നു. ഇത് ആവര്‍ത്തിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. രഹസ്യ സ്വഭാവത്തിലാണ് എല്ലാവരും മൊഴി നല്‍കിയത്. ഇത് പരസ്യമാക്കാന്‍ പലരും താല്‍പര്യപ്പെടുന്നില്ല. ഡബ്ല്യുസിസി നിലപാട് മാറ്റിയോ എന്നറിയില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ വിട്ടുവീഴ്ചയില്ലാത്ത ശ്രമം സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ട്. നടപടി ക്രമം പാലിച്ച് മാത്രമേ ഇക്കാര്യം ചെയ്യാനാകൂ. പല്ലും നഖവുമുള്ള നടപടികള്‍ക്കാണ് സര്‍ക്കാരിന്റെ ശ്രമം’- രാജീവ് വ്യക്തമാക്കി. എന്നാല്‍, റിപ്പോര്‍ട്ട് പുറത്തു വിടരുതെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഡബ്ല്യൂസിസി പ്രതികരിച്ചു.

രണ്ട് വര്‍ഷം മുമ്പ് സര്‍ക്കാരിന് സമര്‍പ്പിക്കപ്പെട്ട ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്ത് എന്തുകൊണ്ട് വെക്കുന്നില്ലെന്നും, നടപടി എടുക്കുന്നില്ലെന്നും ഡബ്ല്യൂസിസി അടക്കമുള്ള സംഘടനകള്‍ നേരത്തെ ചോദ്യം ഉന്നയിച്ചിരുന്നു.