ശ്രീനഗർ: പഠനത്തിന് വേണ്ടി പാകിസ്താനിലേയ്ക്ക് പോയ 17 കാശ്മീരി യുവാക്കൾ ഇന്ത്യയിലേക്ക് തിരികെ എത്തിയത് തീവ്രവാദികളായിട്ടാണെന്ന് റിപ്പോർട്ടുകൾ. ഇവർ രാജ്യത്തേയ്ക്ക് നുഴഞ്ഞുകയറുന്നതിനിടെ കൊല്ലപ്പെട്ടുവെന്നും അധികൃതർ അറിയിച്ചു. കൃത്യമായ യാത്രാ രേഖകളും വിസയുമായാണ് യുവാക്കൾ പാകിസ്താാനിലേയ്ക്ക് പോയത്. തീവ്രവാദികളെ റിക്രൂട്ട് ചെയ്യാൻ പാക് ചാരസംഘടനയായ ഐഎസ്‌ഐ കണ്ടെത്തിയ പുതിയ മാർഗമാണിതെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
യുവാക്കൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്. പാകിസ്താനിൽ ഉപരിപഠനം വിലക്കി കേന്ദ്ര സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നിലെ കാരണം ഇതാണെന്നാണ് വിവരം. ജമ്മു കശ്മീരിൽ നിന്നും നൂറുകണക്കിന് വിദ്യാർത്ഥികൾ ഉപരിപഠനത്തിനായി കഴിഞ്ഞ കുറച്ചു വർഷങ്ങളിലായി പാകിസ്താനിലേക്ക് പോയിട്ടുണ്ട്.
വിശ്വാസ്യതയ്ക്കായി പാക്കിസ്താനിലെ ഹുറിയത് ഓഫീസ് നടത്തുന്ന ദേശീയ അഭിരുചി പരീക്ഷയിലൂടെയാണ് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. യുവാക്കളെ രാജ്യത്ത് എത്തിച്ച ശേഷം മനസ് മാറ്റുകയും ചിലർക്ക് ആയുധ പരിശീലനം നൽകുകയും ചെയ്യുന്നുണ്ടെന്ന് സുരക്ഷാസൈന്യം വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കുന്നതിനായി ഇവരെ ഉപയോഗിക്കുന്നുണ്ടെന്നും സൈനിക വൃത്തങ്ങൾ മുന്നറിയിപ്പ് നൽകുന്നു.

