കൊച്ചി: നീണ്ട ഇടവേളയ്ക്കു ശേഷം താരസംഘടനയായ അമ്മയുടെ വേദിയിലേയ്ക്ക് എത്തി നടൻ സുരേഷ് ഗോപി. ആരോഗ്യ പരിശോധനാ ക്യാമ്പും അംഗങ്ങളുടെ ഒത്തുചേരലും ചേർന്ന ‘ഉണർവ്വ്’ എന്ന പരിപാടിയുടെ മുഖ്യാതിഥിയായിട്ടാണ് സുരേഷ് ഗോപി പങ്കെടുത്തത്. സഹപ്രവർത്തകർ പൊന്നാടയണിയിച്ച് അദ്ദേഹത്തെ സ്വീകരിച്ചത്.
1997 ൽ ‘അമ്മ’യുടെ നേതൃത്വത്തിൽ അറേബ്യൻ ഡ്രീംസ് എന്ന പേരിൽ നടന്ന പരിപാടിക്ക് പിന്നാലെ ഉടലെടുത്ത തർക്കത്തിന് പിന്നാലെയാണ് സുരേഷ് ഗോപി സംഘടനയിൽ നിന്നും മാറി നിൽക്കാൻ തീരുമാനിച്ചത്. ഗൾഫിൽ നടന്ന ഇതേ ഷോ സന്നദ്ധ പ്രവർത്തനങ്ങൾക്കായി നാട്ടിൽ അഞ്ച് വേദികളിലും അവതരിപ്പിച്ചു. ഷോ നടത്തുന്നയാൾ അഞ്ച് ലക്ഷം രൂപ ‘അമ്മ’യിലേക്ക് നൽകുമെന്ന് സുരേഷ് ഗോപി സംഘടനയെ അറിയിച്ചിരുന്നു. എന്നാൽ പണം നൽകാമെന്ന് പറഞ്ഞയാൾ വാക്കുപാലിച്ചില്ല. ഇതോടെ വിഷയം രൂക്ഷമാകുകയായിരുന്നു. സംഘടനാ യോഗത്തിൽ വാക്കേറ്റത്തിന് വരെ ഇത് കാരണമായി. സുരേഷ് ഗോപിയോട് രണ്ട് ലക്ഷം പിഴയടക്കാനും ആവശ്യപ്പെട്ടു. ഇതോടെയാണ് താരം സംഘടനയിൽ നിന്ന് മാറി നിൽക്കാൻ ആരംഭിച്ചത്.
അപ്പോളോ ആഡ്‌ലക്‌സ് ആശുപത്രിയുടെ നേതൃത്വത്തിൽ പ്രശസ്ത ഡോക്ടർമാരുടെ സഹായത്തോടെ പ്രാഥമിക പരിശോധനകൾക്കൊപ്പം ജനറൽ മെഡിസിൻ കാർഡിയോളജി, ഗയനക്കോളജി സംബന്ധമായ പരിശോധനകളും ഡോക്ടർമാരുടെ നിർദ്ദേശങ്ങളും സേവനവും, ലോട്ടസ് കണ്ണാശുപത്രി നേതൃത്വം നൽകിയ കണ്ണ് പരിശോധനയും പ്രതിവിധികളും, ഡെന്റൽ വിഭാഗത്തിനായി ഡി ഫാർക് ക്ലിനിക്കിന്റെ സഹായത്തോടെ പരിശോധനകളും സ്മൈൽ കറക്ഷൻ തുടങ്ങി അനുബന്ധ ചികിത്സാ സഹായവും, ഇ എൻ ടി സംബന്ധമായും തൈറോയിഡ് രോഗനിർണ്ണയവും കൂടാതെ ഓഡിയോഗ്രാം (കേൾവിശക്തി) ടെസ്റ്റ് എന്നിവ ആൽഫ ഹോസ്പിറ്റലിന്റെ സഹായത്തിലും ബ്യൂട്ടി – സ്‌കിൻ – ഹെയർ – നെയിൽ തുടങ്ങിയ വിഷയങ്ങളിൽ നിർദ്ദേശങ്ങളും സഹായവുമായി ഇഎനാ ക്ലിനികിന്റെ സേവനവും ഈ ക്യാമ്പിൽ ഒരുക്കിയിരുന്നു.

