മെയ്ക്ക് ഇന്‍ ഇന്ത്യ; 47,000 കോടി രൂപക്കുള്ള ഐഫോണ്‍ നിര്‍മ്മിക്കാനൊരുങ്ങി രാജ്യം

ഇന്ത്യയില്‍ നിന്ന് അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ആപ്പിള്‍ കമ്പനിക്കായി കരാര്‍ നിര്‍മാതാക്കള്‍ 47,000 കോടി രൂപയ്ക്കുള്ള ഐഫോണ്‍ നിര്‍മിച്ചു നല്‍കിയേക്കുമെന്ന് ബിജിആര്‍ റിപ്പോര്‍ട്ട്. ഫോക്സ്‌കോണ്‍, വിസ്ട്രണ്‍, പെഗാട്രൊണ്‍ എന്നീ കമ്പനികളാണ് നിലവില്‍ ആപ്പിളിനായി ഐഫോണ്‍ കരാറടിസ്ഥാനത്തില്‍ ഇന്ത്യയില്‍ നിര്‍മിച്ചു നല്‍കുന്നത്. ഈ മൂന്നു കമ്പനികളും ചേര്‍ന്ന് അടുത്ത വര്‍ഷം ഏകദേശം 47,000 കോടി രൂപയ്ക്കുള്ള ഫോണ്‍ ഇന്ത്യയില്‍ നിര്‍മിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.

അതേസമയം, കമ്പനികള്‍ ഈ വാര്‍ത്തയെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെന്നാണ് വിവരം. ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മാണം തുടങ്ങുന്നത് 2017ലാണ്. ഐഫോണ്‍ എസ്ഇ ൃയാണ് രാജ്യത്തു നിര്‍മിച്ചു തുടങ്ങിയത്. പിന്നീട് ഐഫോണ്‍ 11, 12, 13 എന്നിവ നിര്‍മിച്ചു. ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന പെഗാട്രൊണ്‍, തമിഴ്നാട്ടിലുള്ള വിസ്ട്രണ്‍ എന്നീ കമ്പനികള്‍ ഇപ്പോള്‍ ഐഫോണ്‍ 12 ആണ് നിര്‍മിക്കുന്നത്. തമിഴ്നാട്ടില്‍ത്തന്നെ ഫാക്ടറിയുള്ള ഫോക്സ്‌കോണ്‍ ഐഫോണ്‍ 11, 12, 13 എന്നിവ നിര്‍മിക്കുന്നു. സാംസങ്ങും ഇന്ത്യയുടെ പിഎല്‍ഐ സ്‌കീമിന്റെ ഗുണഭോക്താവാണ്. സമാനമായ 14 സ്‌കീമുകളാണ് സര്‍ക്കാര്‍ വിവിധ വിഭാഗങ്ങളിലായി അവതരിപ്പിച്ചരിക്കുന്നത്.

പുതിയ ഐഫോണ്‍ എസ്ഇ കൂടുതല്‍ പേര്‍ വാങ്ങിയതോടെ ഈ വര്‍ഷത്തെ ആദ്യപാദത്തില്‍ മുന്‍പാദത്തെ അപേക്ഷിച്ച് കൂടുതല്‍ സ്മാര്‍ട് ഫോണ്‍ വില്‍ക്കാനായത് ആപ്പിളിനാണെന്ന് ക്യാനലിസ് റിപ്പോര്‍ട്ടു ചെയ്യുന്നു.