അനധികൃത പണമിടപാട് നടത്തുന്ന മൊബൈൽ ആപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണം; നിർദ്ദേശം നൽകി ഡിജിപി

തിരുവനന്തപുരം: അനധികൃത പണമിടപാട് നടത്തുന്ന മൊബൈൽ ആപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകി സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്. കൗമാരക്കാരെയും വിദ്യാർത്ഥികളെയും ലക്ഷ്യം വയ്ക്കുന്ന മൊബൈൽ ആപ്പുകൾ വഴിയുളള വായ്പ്പാ തട്ടിപ്പുകൾ വ്യാപകമായതോടെയാണ് നടപടി. നിയമവിരുദ്ധ പണമിടപാട് സംബന്ധിച്ച് ലഭിക്കുന്ന പരാതികളിൻമേൽ കർശന നിയമനടപടി സ്വീകരിക്കണമെന്നാണ് ജില്ലാ പോലീസ് മേധാവിമാർക്ക് ലഭിച്ചിരിക്കുന്ന നിർദ്ദേശം.

കെ.വൈ.സി രേഖകൾ മാത്രം സ്വീകരിച്ച് എളുപ്പത്തിൽ വായ്പ ലഭ്യമാക്കിയാണ് ഇത്തരം മൊബൈൽ ആപ്പുകൾ ഉപഭോക്താക്കളെ വലയിലാക്കുന്നത്. മൈാബെൽ ഫോണുകളിൽ ലോൺ ആപ്പ് ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഫോണിലെ കോണ്ടാക്ട് ലിസ്റ്റ് ഉൾപ്പെടെയുളള വിവരങ്ങളിലേയ്ക്ക് പ്രവേശിക്കാനുളള അനുവാദം ഇത്തരം ആപ്പുകൾ നേടും. അത്യാവശ്യക്കാർ വായ്പ ലഭിക്കാനായി അവർ ചോദിക്കുന്ന വിവരങ്ങൾ നൽകുകയും ചെയ്യും. ഇത് മുതലെടുത്ത് കൊണ്ടാണ് ഇത്തരം ആപ്പുകളുടെ പ്രവർത്തനം.

ഈ ആപ്പിലൂടെ 3000 രൂപ വായ്പയായി എടുത്താൽ വിവിധ ചാർജുകൾ കഴിച്ച് 2200 നും 2600 നും ഇടയിലുളള തുക വായ്പ എടുക്കുന്ന ആളുടെ അക്കൗണ്ടിൽ ലഭ്യമാകും. ഏഴ് ദിവസമാണ് വായ്പാ തിരിച്ചടയ്‌ക്കേണ്ട കാലാവധി.

കാലാവധി കഴിയുന്ന ദിവസം മുഴുവൻ തുകയും തിരികെ അടയ്ക്കാൻ ആവശ്യപ്പെടും. തിരിച്ചടവ് മുടങ്ങിയാലുടൻ ഉപഭോക്താവിന്റെ കോണ്ടാക്ട് ലിസ്റ്റിലുളള മറ്റ് നമ്പരുകളിലേയ്ക്ക് വിളിച്ച് ലോൺ എടുത്തയാൾ ജാമ്യം തന്നിരിക്കുന്നത് നിങ്ങളെയാണെന്നും തുക തിരികെ അടച്ചില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും ഭീഷണിപ്പെടുത്തും. ഇതോടെ മറ്റൊരു ആപ്പിൽ നിന്ന് വായ്പയെടുത്ത് ആദ്യത്തെ തുക അടയ്ക്കാൻ ഉപഭോക്താവ് നിർബന്ധിതനാകും. ഇത് കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലാകും. വായ്പ എടുക്കുന്ന വ്യക്തി ആത്മഹത്യ ചെയ്യുന്ന സാഹചര്യം വരെ ഉണ്ടാകാറുണ്ട്. ഈ സാഹചര്യത്തിലാണ് ഡിജിപി ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയത്.