പി സി ജോർജ് അറസ്റ്റിൽ; കരിങ്കൊടി ഉയർത്തി ഡിവൈഎഫ്ഐ പ്രവർത്തകർ

തിരുവനന്തപുരം: പി സി ജോർജിനെ അറസ്റ്റ് ചെയ്ത് പോലീസ്. മതവിദ്വേഷ പ്രസംഗം നടത്തിയതിന് പൊലീസ് കസ്റ്റഡിയിലെടുത്ത പി.സി ജോർജിനെ തിരുവനന്തപുരത്ത് എ.ആർ ക്യാമ്പിലെത്തിച്ചാണ് അറസ്റ്റ് ചെയ്തത്. എ.ആർ ക്യാമ്പിന് പുറത്ത് പി.സി ജോർജിന് നേരെ ഡിവൈഎഫ്ഐ പ്രവർത്തകർ കരിങ്കൊടി വീശി പ്രതിഷേധം നടത്തിയിരുന്നു.

പ്രവർത്തകരും പി.സി ജോർജും തമ്മിൽ നേരിട്ട് വാക്കുതർക്കം ഉണ്ടാകുകയും ചെയ്തു. അതേസമയം, പി സി ജോർജിനെതിരെ കരിങ്കൊടി കാട്ടിയ ഡിവൈഎഫ്ഐ പ്രവർത്തകരായ മൂന്നുപേരെ മ്യൂസിയം പൊലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം വട്ടപ്പാറയിൽ പി.സി ജോർജിന്റെ വാഹനം ബിജെപി പ്രവർത്തകർ തടഞ്ഞിരുന്നു. പ സി ജോർജിനെ ഷാളണിയിച്ച് ബിജെപി പ്രവർത്തകർ അദ്ദേഹത്തിന് അനുകൂലമായി മുദ്രാവാക്യം മുഴക്കി. വട്ടപ്പാറയിൽ ബിജെപി ജില്ലാ പഠനശിബിരം നടന്നുവരികയാണ്. ഇതിനെത്തിയ പ്രവർത്തകരാണ് അദ്ദേഹത്തിന് ഷാളണിയിച്ചതും അനുകൂലമായി മുദ്രാവാക്യം വിളിച്ചതും.

കെ സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ, വി മുരളീധരൻ തുടങ്ങി നിരവധി നേതാക്കൾ അദ്ദേഹത്തിന് പിന്തുണ നൽകി. സർക്കാരിന്റേത് ഫാസിസ്റ്റ് സമീപനമാണെന്നാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അറിയിച്ചത്. എതിർസ്വരങ്ങളെ അടിച്ചമർത്തുന്ന നടപടി അംഗീകരിക്കില്ലെന്ന് മുൻ മിസോറാം ഗവർണറും ബിജെപി നേതാവുമായ കുമ്മനം രാജശേഖരനും വ്യക്തമാക്കി.