തിരുവനന്തപുരം: മുൻ എംഎൽഎ പി സി ജോർജിനെതിരെ കേസെടുത്ത് പോലീസ്. മതവിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. തിരുവനന്തപുരം ഫോർട്ട് പോലീസാണ് പി സി ജോർജിനെതിരെ കേസെടുത്തത്. അനന്തപുരി ഹിന്ദുമഹാസമ്മേളനം പി.സി ജോർജ് നടത്തിയ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സംസ്ഥാന പോലീസ് മേധാവി അനിൽ കാന്താണ് പി സി ജോർജിനെതിരെ കേസെടുക്കാൻ നിർദ്ദേശം നൽകിയത്.
യൂത്ത് ലീഗ് ഉൾപ്പെടെയുള്ള സംഘടനകളാണ് പി സി ജോർജിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. മുസ്ലിം സമുദായത്തെ സംശയത്തിന്റെ മുനയിൽ നിർത്താനും മറ്റു സമുദായത്തിലെ വിശ്വാസികൾക്കും മുസ്ലിങ്ങൾക്കും ഇടയിൽ വർഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാനും പി സി ജോർജിന്റെ പ്രസംഗം കാരണമാകുന്നുവെന്ന് യൂത്ത് ലീഗ് പരാതിയിൽ വ്യക്തമാക്കിയിരുന്നു.
കൊലപാതക രാഷ്ട്രീയം ശരിയല്ലെന്നു പറയാൻ മുസ്ലീം സംഘടനകൾ തയ്യാറാകണമെന്നായിരുന്നു കഴിഞ്ഞ ദിവസം പി സി ജോർജ് പറഞ്ഞത്. എസ്ഡിപിഐ കൊലപാതക രാഷ്ടീയം ഉപേക്ഷിക്കണമെന്നും അദേഹം പറഞ്ഞിരുന്നു. ആലപ്പുഴയിലും പാലക്കാട്ടും കൊല്ലപ്പെട്ട എസ്ഡിപിഐക്കാർ കൊലപാതകത്തിൽ പങ്കെടുത്തവരാണ്. അവരാൽ കൊല്ലപ്പെട്ടവർ നിരപരാധികളാണ്. ഇത് മറച്ചു വെച്ച് എല്ലാത്തിനേയും ഒരേ പോലെ പറയുന്നതാണ് കുഴപ്പമെന്നും പി സി ജോർജ് അറിയിച്ചിരുന്നു.

