കൊച്ചി: പീഡന കേസുമായി ബന്ധപ്പെട്ട് നടനും നിർമ്മാതാവുമായ വിജയ് ബാബുവിൽ നിന്ന് വിശദീകരണം തേടി താരസംഘടനയായ അമ്മ. വിഷയത്തെ കുറിച്ച് ചർച്ച ചെയ്യാൻ ഞായറാഴ്ച്ച അമ്മ എക്‌സിക്യൂട്ടീവ് യോഗം ചേർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. വിജയ് ബാബു നൽകുന്ന വിശദീകരണം എക്‌സിക്യൂട്ടീവ് യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് ലഭ്യമാകുന്ന വിവരം.
അതേസമയം, വിഷയത്തിൽ തുടർ നടപടികൾക്കായി സംഘടന നിയമോപദേശം തേടിയിട്ടുണ്ട്. ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് വേണ്ടി വന്നാൽ വിജയ് ബാബുവിനെ വിദേശത്ത് പോയി അറസ്റ്റ് ചെയ്യുമെന്ന് നേരത്തെ പോലീസ് അറിയിച്ചിരുന്നു. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അറസ്റ്റിന് തടസമല്ലെന്നും പോലീസ് വിശദമാക്കിയിരുന്നു.
ശ്വേത മേനോൻ നയിക്കുന്ന ആഭ്യന്തര പരാതി പരിഹാര സെല്ലാണ് വിജയ് ബാബുവിനെതിരെ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. മാലാ പാർവതി, കുക്കു പരമേശ്വരൻ, രചന നാരായണൻ കുട്ടി, ഇടവേള ബാബു, അഡ്വ. അനഖ എന്നിവരാണ് ആഭ്യന്തര പരാതി പരിഹാര സെല്ലിലെ മറ്റ് അംഗങ്ങൾ. അമ്മ എക്‌സിക്യൂട്ടീവ് അംഗമാണ് വിജയ് ബാബു. താരത്തെ സംഘടനാപദവിയിൽ നിന്നും പുറത്താക്കണമെന്ന ആവശ്യം ആഭ്യന്തര പരിഹാര സെൽ മുന്നോട്ട് വെച്ചതായും റിപ്പോർട്ടുകളുണ്ട്.

