തിരുവനന്തപുരം: വിവിധ തസ്തികകളിലേക്കുള്ള വിജ്ഞാപനങ്ങൾ പ്രഖ്യാപിക്കാൻ തയ്യാറെടുത്ത് കേരളാ പിഎസ്‌സി. മൂന്നു ഘട്ടങ്ങളിലായിട്ടായിരിക്കും പ്രഖ്യാപനം. ഇന്ത്യ റിസർവ് ബറ്റാലിയൻ പോലീസ് കോൺസ്റ്റബിൾ, വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനിയർ തുടങ്ങി 40 തസ്തികകളിലേക്കാണ് പുതിയ വിജ്ഞാപനം പുറപ്പെടുവിക്കുന്നത്.
ജ്യോഗ്രഫി, സംസ്‌കൃതം വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർമാർ, വിവിധ ജില്ലകളിൽ ലബോറട്ടറി ടെക്നീഷ്യൻ തുടങ്ങിയ തസ്തികകളിലേക്കും വിജ്ഞാപനം പുറപ്പെടുവിക്കും. ആദ്യ ഘട്ടം മെയ് മൂന്നിനും രണ്ടാമത്തേത് മെയ് നാലിനും അവസാനത്തേത് മേയ് 16-നുമുള്ള ഗസറ്റുകളിൽ പ്രസിദ്ധീകരിക്കും. വിഞ്ഞാപനം പ്രസിദ്ധീകരിച്ച ശേഷം ഓൺലൈനിൽ അപേക്ഷ സമർപ്പിക്കാം.
അതേസമയം, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (ഫിസിയോളജി), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ എൻജിനിയറിങ്) എന്നിവയ്ക്ക് ഓൺലൈൻ പരീക്ഷ നടത്തും. ട്രെയിനിങ് കോളേജുകളിൽ മലയാളം അസിസ്റ്റന്റ് പ്രൊഫസർ (തസ്തികമാറ്റം), വിവിധ ജില്ലകളിൽ ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിൽ ഫാർമസിസ്റ്റ് എന്നിവയുടെ ചുരുക്കപ്പട്ടിക ഉടൻ പ്രസിദ്ധീകരിക്കുകയും ചെയ്യും.

