തിരുവനന്തപുരം: സംസ്ഥാനത്ത് മാനസിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരുടെ പേരിൽ രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്ക് നികുതി ഒഴിവാക്കി വിജ്ഞാപനം പുറപ്പെടുവിച്ച് സർക്കാർ. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. ഓട്ടിസം, സെറിബ്രൽ പാൾസി, മൾട്ടിപ്പിൾ ഡിസബിലിറ്റി, മെന്റൽ റിട്ടാർഡേഷൻ തുടങ്ങിയ അവശതയനുഭവിക്കുന്ന ഭിന്നശേഷിക്കാരുടെ 7 ലക്ഷം രൂപ വരെ വിലയുള്ള യാത്രാ വാഹനങ്ങൾക്കാണ് നികുതി ഒഴിവാക്കിയതെന്ന് മന്ത്രി വ്യക്തമാക്കി.
സർക്കാർ മേഖലയിലെ മെഡിക്കൽ ബോർഡ് 40% ഭിന്നശേഷി ശുപാർശ ചെയ്തവർക്കായിരിക്കും ആനുകൂല്യം ലഭിക്കുക. ശാരീരിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാർക്ക് നൽകി വരുന്ന ആനുകൂല്യമാണ് ഇവർക്ക് കൂടി ലഭ്യമാക്കിയത്. അവശത അനുഭവിക്കുന്നവരെ സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെയാകെ ചുമതലയാണെന്ന ചിന്താഗതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

