കാലങ്ങളായി കടുത്ത ജലക്ഷാമമാണ് കെനിയയിൽ അനുഭവപ്പെടുന്നത്. കുടിവെള്ളം പോലും കിട്ടാത്ത അവസ്ഥയിലാണ് കെനിയയിലെ ജനങ്ങൾ. മഴയില്ലാതെ ജലാശയങ്ങൾ വറ്റിവരണ്ട് കിടക്കുന്ന കെനിയയിൽ വെള്ളം കിട്ടാനായി കിലോ മീറ്ററുകൾ നടന്നു ചെല്ലേണ്ട അവസ്ഥയാണ് ജനങ്ങൾ അനുഭവിക്കുന്നത്. വെള്ളത്തിന്റെ കാര്യത്തിൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കേണ്ടി വരുന്നത് സ്ത്രീകൾക്കും പെൺകുട്ടികൾക്കുമാണ്.
വെള്ളം കിട്ടാൻ സ്വന്തം ശരീരം വിലയായി നൽകേണ്ട അവസ്ഥയിലാണ് കെനിയയിലെ ജനങ്ങൾ. സ്വകാര്യ കുടിവെള്ള കമ്പനികളും അവരുടെ കങ്കാണികളും ഭരിക്കുന്ന പ്രദേശങ്ങളിൽ വെള്ളത്തിന് പകരം സെക്സ് എന്നതാണ് അലിഖിത നിയമം. വെള്ളത്തിന്റെ പേരിൽ അനേകം സ്ത്രീകൾ ഇവിടെ ദുരിതം നേരിടുന്നുണ്ട്. ദ് കെനിയ വാട്ടർ ആന്റ് സാനിറ്റേഷൻ സിവിൽ സൊസൈറ്റി നെറ്റ്‌വർക്ക് തയ്യാറാക്കിയ ലഘുപുസ്തകത്തിലാണ് ഇതുസംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. ഇക്കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പുസ്തകത്തിൽ കെനിയൻ ഭരണകൂടവും ജലചൂഷണം നടത്തുന്ന കമ്പനികളും മറച്ചുപിടിക്കുന്ന ലൈംഗിക ചൂഷണത്തിന്റെ പൊള്ളിക്കുന്ന അനുഭവങ്ങളാണ് ഉള്ളതെന്ന് ബിബിസി റിപ്പോർട്ടിലുണ്ട്.
കുടുംബ കലഹത്തിനും വിവാഹ ബന്ധങ്ങൾ വേർപിരിയാനും തൊഴിൽ നഷ്ടപ്പെടാനുമെല്ലാം ഇതിടയാക്കുന്നുണ്ട്. ജലവിതരണ കേന്ദ്രങ്ങളിൽ മണിക്കൂറുകൾ നീണ്ട ക്യൂവിൽ നിൽക്കേണ്ടതിനാൽ സ്‌കൂളിലും തൊഴിലിടത്തിലുമൊന്നും സമയത്തിനു പോവാനാവാത്ത സാഹചര്യവും ഇവിടെയുണ്ട്.
കിബെറ, മുകുറു ക്വാ റൂബൻ എന്നിവിടങ്ങളിൽ ഇതിനായി പ്രത്യേക സംഘങ്ങൾ തന്നെ പ്രവർത്തിക്കുന്നതായി കെനിയൻ പത്രമായ സ്റ്റാർ റിപ്പോർട്ട് ചെയ്യുന്നു. വിവിധ കമ്യൂണിറ്റി അധിഷ്ഠിത സന്നദ്ധ സംഘടനകൾ രണ്ട് വർഷമായി നിരവധി സ്ത്രീകളുമായി നടത്തിയ അഭിമുഖങ്ങൾ ഇക്കാര്യം വ്യക്തമാക്കുന്നതായി റിപ്പോർട്ടുകളിൽ പറയുന്നു. കുടിവെള്ളം കിട്ടുന്നതിനായി തന്റെ കൂട്ടുകാരി ഒരു ജലവിതരണ കമ്പനിയുടെ കങ്കാണിക്ക് ശരീരം കാഴ്ചവെക്കേണ്ടി വന്നതായി കിബറ മേഖലയിലെ ഒരു 14 കാരി വെളിപ്പെടുത്തിയിരുന്നു. ഗർഭിണിയായ ശേഷം, ഈ കൂട്ടുകാരി ഇപ്പോൾ കുടിവെള്ള കമ്പനി ജീവനക്കാരുടെ കാരുണ്യത്തിലാണ് കഴിയുന്നതെന്നും പെൺകുട്ടി വ്യക്തമാക്കി.
കിടപ്പറ പങ്കിടാൻ തയ്യാറായാൽ കുടിവെള്ളം സൗജന്യമായി തരാമെന്നാണ് ഒരു കമ്പനി ജീവനക്കാരൻ പറഞ്ഞെതന്ന് മറ്റൊരു പതിനഞ്ചുകാരി അറിയിച്ചു. താൻ സെക്സിനു വിസമ്മതിച്ചപ്പോൾ അയാൾ പലവട്ടം നിർബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും വെള്ളം നിഷേധിക്കുകയും ചെയ്തതായും പെൺകുട്ടി കൂട്ടിച്ചേർത്തു.

