തിരുവനന്തപുരം: കേരളത്തിൽ എയിംസ് സ്ഥാപിക്കാൻ തത്വത്തിൽ അനുമതി ലഭിച്ചതിനെ തുടർന്ന് നടപടികൾ വേഗത്തിലാക്കി സംസ്ഥാന സർക്കാർ. കോഴിക്കോട് എയിംസിനായി കണ്ടെത്തിയ കിനാലൂരിലെ ഭൂമി ആരോഗ്യ വകുപ്പിന് കൈമാറാൻ അനുമതി നൽകി പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. വ്യവസായ വകുപ്പിന്റെ ഭൂമിയാണ് ആരോഗ്യ വകുപ്പിന് കൈമാറുന്നത്.
കേരളത്തിനുള്ള ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് കേന്ദ്ര സർക്കാരിന്റെ സജീവ പരിഗണയിലാണെന്ന് നേരത്തെ കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീൺ പവാർ അറിയിച്ചിരുന്നു. കെ. മുരളീധരൻ എംപിയോടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന പ്രകാരം എല്ലാ സംസ്ഥാനങ്ങളിലും എയിംസ് സ്ഥാപിക്കുക എന്നതാണ് കേന്ദ്ര സർക്കാറിന്റെ നയമെന്ന് അദ്ദേഹം പറഞ്ഞു. നാലു സ്ഥലങ്ങളാണ് സംസ്ഥാനത്ത് എയിംസ് സ്ഥാപിക്കുന്നതിനായി നിർദ്ദേശിച്ചിട്ടുള്ളത്. കേരളാ എയിംസിന് തത്വത്തിൽ അംഗീകാരം നല്കുന്നതിനുവേണ്ടി നിലവിൽ കേന്ദ്ര ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണെന്ന് കേന്ദ്രമന്ത്രി വിശദീകരിച്ചിരുന്നു.
ദേശീയ ആരോഗ്യ മിഷൻ സംസ്ഥാനങ്ങൾക്ക് അവയുടെ പ്രോഗ്രാം ഇമ്പ്ലീമെന്റേഷൻ പ്ലാൻ അനുസരിച്ചു വേണ്ട സഹായങ്ങൾ നൽകുന്നുണ്ട്. കേരളത്തിനും ഇത്തരം സഹായം നൽകാൻ കേന്ദ്രം തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, കിനാലൂർ ഉൾപ്പെടെ നാല് സ്ഥലങ്ങൾ എയിംസ് സ്ഥാപിക്കാൻ കേന്ദ്രത്തിന് മുൻപിൽ കേരളം നിർദേശിച്ചിട്ടുണ്ട്. ധനമന്ത്രാലയത്തിന്റെ അനുമതി ലഭിച്ച ശേഷം എവിടെ സ്ഥാപിക്കണം എന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും.

