തിരുവനന്തപുരം: തിരുവല്ലം ശ്രീപരശുരാമസ്വാമി ക്ഷേത്രത്തിലെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സമിതി രൂപീകരിക്കും. ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഉൾപ്പെടുത്തിയാണ് ഏകോപന സമിതി രൂപീകരിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. വികസന പ്രവർത്തനങ്ങളുടെ അവലോകനത്തിനായി സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
വകുപ്പുകൾക്ക് കീഴിൽ സമയബന്ധിതമായി പൂർത്തിയാക്കേണ്ട പ്രവർത്തനങ്ങൾ ഏകോപന സമിതി നിരീക്ഷിക്കും. ഭക്തർക്ക് ആവശ്യമായ ഭൗതിക സാഹചര്യം ഒരുക്കുന്നതിന് വകുപ്പുകൾ തമ്മിൽ നിരന്തര ഇടപെടലുകൾ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭക്തരുടെ സുരക്ഷയും ഗതാഗത നിയന്ത്രണവും സുഗമമാക്കാൻ പോലീസ് എയ്ഡ് പോസ്റ്റും സിസി ടിവി ക്യാമറകളും സജ്ജീകരിക്കും. നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള ഭൂമി ഏറ്റെടുക്കൽ ആറ് മാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും യോഗത്തിൽ തീരുമാനിച്ചു.
അതേസമയം, ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന തിരുവല്ലം ലങ്കാ തോടിന്റെ ശുചീകരണ പ്രവർത്തനങ്ങൾ മന്ത്രി വിലയിരുത്തുകയും ചെയ്തു. വർഷങ്ങളായി തോട്ടിൽ അടിഞ്ഞു കൂടിയ ബലി അവശിഷ്ടങ്ങൾ, എക്കൽ, കുളവാഴ എന്നിവ സിൽട് പുള്ളർ ഉപയോഗിച്ച് നീക്കം ചെയ്യലാണ് നിലവിൽ നടക്കുന്നത്. ക്ഷേത്രത്തിലെ ബലി കടവുകളുടെ നവീകരണം, വാഹനങ്ങൾക്കുള്ള മൾട്ടി ലെവൽ പാർക്കിംഗ് സൗകര്യം, ശുചിമുറികളുടെ നിർമ്മാണം, ഭക്ത ജനങ്ങൾക്കുള്ള വിശ്രമ സൗകര്യം ഒരുക്കൽ, ക്ലോക്ക് റൂമിന്റെ നിർമ്മാണം തുടങ്ങിയവ ആദ്യഘട്ടത്തിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. മാലിന്യ ശേഖരണത്തിനും സംസ്‌കരണത്തിനും കോർപ്പറേഷന്റെയും മറ്റു വകുപ്പുകളുടെയും കൃത്യമായ ഇടപെടൽ നടത്താനും ധാരണയായി.

