ചെറുപ്പം നിലനിർത്തണോ; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

പ്രായം കൂടുമ്പോഴും ചെറുപ്പമായി ഇരിയ്ക്കാനാണ് നാമെല്ലാം ആഗ്രഹിക്കുന്നത്. പ്രായം കൂടുമ്പോഴും മനസും ശരീരവും ആരോഗ്യത്തോടെയും ഊർജസ്വലതയോടെയും ഇരിയ്‌ക്കേണ്ടത് അത്യാവശ്യമാണ്. പോഷകഗുണമുള്ള ഭക്ഷണം കഴിക്കുക, നന്നായി ഉറങ്ങുക, വ്യായാമം ചെയ്യുക, പുകവലിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നതിലൂടെ ചെറുപ്പം നിലനിർത്താം. അകാല വാർധക്യത്തെ തടയാനും ഈ രീതികൾ പരീക്ഷിക്കാം.

ആരോഗ്യവും ചെറുപ്പവും നിലനിർത്തുന്നതിന് നമ്മുടെ ജീവിതശൈലിയിൽ വരുത്തേണ്ട ചില മാറ്റങ്ങൾ എന്തൊക്കെയാണെന്ന് പോഷകാഹാര വിദഗ്ധയായ അഞ്ജലി മുഖർജി വിശദമാക്കുന്നുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം. പ്രായത്തിനനുസരിച്ച് നാം കഴിക്കുന്ന ഭക്ഷണങ്ങൾ നിരീക്ഷിക്കേണ്ടത് പ്രധാനമാണ്. സംസ്‌കരിച്ച ഭക്ഷണങ്ങളും പഞ്ചസാരയുടെ ഉപഭോഗവും പരിമിതപ്പെടുത്താനും മദ്യം കഴിക്കുന്നത് കുറയ്ക്കണമെന്നും അഞ്ജലി നിർദ്ദേശിക്കുന്നു.

മാനസിക സമ്മർദ്ദം നമ്മെ വേഗത്തിൽ അകാല വാർധക്യത്തിലേക്ക് തള്ളിവിടുന്നുണ്ട്. സ്‌ട്രെസ് നിയന്ത്രിക്കാൻ ധ്യാനം, യോഗ എന്നിവ ശീലമാക്കണം. സമ്മർദ്ദം കുറയ്ക്കാൻ ഇത് സഹായിക്കും. പുകവലി ചർമ്മത്തിലേക്കുള്ള ഓക്‌സിജൻ വിതരണം കുറയ്ക്കുന്നു. ഇത് രക്തചംക്രമണം കുറയുന്നതിലേക്ക് നയിക്കുന്നു. ചെറുപ്പമായി ഇരിക്കാൻ പുകവലി നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്.