ന്യൂഡൽഹി: അങ്കണവാടികളിൽ ജോലിചെയ്യുന്ന ജീവനക്കാർ ഗ്രാറ്റുവിറ്റിക്ക് അർഹരാണെന്ന് സുപ്രീം കോടതി. സംയോജിത ശിശുവികസന സേവന പദ്ധതിയുടെ ഭാഗമായി അങ്കണവാടികളിൽ ജോലിചെയ്യുന്ന ജീവനക്കാർ ഗ്രാറ്റുവിറ്റിക്ക് അർഹരാണെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. ഗ്രാറ്റുവിറ്റി കുടിശ്ശിക പത്ത് ശതമാനം പലിശയോടെ മൂന്ന് മാസത്തിനുള്ളിൽ നൽകണമെന്നും ഗുജറാത്ത് സർക്കാരിനോട് സുപ്രീം കോടതി നിർദ്ദേശം നൽകി.
അങ്കണവാടി ജീവനക്കാരുടെ സേവന വ്യവസ്ഥകൾ മെച്ചപ്പെടുത്താൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നും കോടതി ഉത്തരവിട്ടു. ഗ്രാറ്റുവിറ്റിക്ക് അർഹത ഇല്ലെന്ന ഗുജറാത്ത് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് വിധി സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തു. കോവിഡ് വൈറസിന് എതിരെ രാജ്യം നടത്തിയ യുദ്ധത്തിൽ അങ്കണവാടി ജീവനക്കാർ നിർണായക പങ്കാണ് വഹിച്ചതെന്നും കോടതി പറഞ്ഞു.
അവരുടെ സേവന വ്യവസ്ഥകളിൽ കാലോചിതമായ മാറ്റം വരുത്താൻ സമയമായെന്നും കോടതി അഭിപ്രായപ്പെട്ടു. ഗുജറാത്ത് അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേർസ് യൂണിയൻ ഉൾപ്പടെ നൽകിയ ഹർജിയിലാണ് സുപ്രീംകോടതിയുടെ ഉത്തരവ്.

