ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫിന് രാജ്യത്തേക്ക് തിരിച്ചെത്താൻ പാസ്പോർട്ട് അനുവദിച്ചു. പാകിസ്താനിൽ അധികാരമേറ്റ പുതിയ സർക്കാരാണ് നവാസ് ഷെരീഫിന് പാസ്‌പോർട്ട് അനുവദിച്ചത്. നവാസ് ഷെരീഫിന്റെ സഹോദരൻ ഷെഹബാസ് ഷെരീഫ് പാകിസ്താൻ പ്രധാനമന്ത്രിയായി ചുമതലയേറ്റെടുത്തതിന് പിന്നാലെയാണ് അദ്ദേഹത്തിന് രാജ്യത്തേക്ക് മടങ്ങിയെത്താൻ അവസരമൊരുങ്ങുന്നത്.
ചികിത്സയ്ക്കായി യുകെയിൽ എത്തിയ നവാസിന് ഇമ്രാൻ സർക്കാർ രജിസ്റ്റർ ചെയ്ത അഴിമതിക്കേസുകളുടെ പശ്ചാത്തലത്തിൽ നാട്ടിലേക്ക് മടങ്ങാൻ കഴിയാത്ത സാഹചര്യമായിരുന്നു. നാലാഴ്ചത്തേക്കായിരുന്നു ലാഹോർ ഹൈക്കോടതിയുടെ അനുമതിയോടെ നവാസ് രാജ്യം വിട്ടത്. സാധാരണ പാസ്പോർട്ട് ആണ് അനുവദിച്ചതെങ്കിലും അടിയന്തര വിഭാഗത്തിൽ ഉള്ളതാണെന്നെന്ന് പാക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പത്ത് വർഷത്തേക്കാണ് റിപ്പോർട്ടിന് സാധുതയുള്ളത്. രാജ്യത്ത് തിരിച്ചെത്തുന്ന നവാസ് നിമയപരമായും ഭരണഘടനാപരമായും തനിക്കെതിരെയുള്ള കേസുകൾ നേരിടുമെന്ന് പാകിസ്താൻ മുസ്ലിം ലീഗ് (എൻ) വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.

