സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെ പത്ത് വർഷത്തിനിടെ രാജ്യത്ത് എച്ച്ഐവി ബാധിച്ചത് 17 ലക്ഷത്തിലേറെ പേർക്ക്

ന്യൂഡൽഹി: സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെ കഴിഞ്ഞ പത്ത് വർഷത്തിനിടെ രാജ്യത്ത് എച്ച്.ഐ.വി. ബാധിച്ചത് 17 ലക്ഷത്തിലേറെ പേർക്ക്. നാഷണൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷന്റെ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. സാമൂഹിക പ്രവർത്തകനായ ചന്ദ്രശേഖര ഗോർ വിവരാവകാശ നിയമപ്രകാരം ഫയൽ ചെയ്ത അപേക്ഷയിലാണ് സംഘടന ഇതു സംബന്ധിച്ച കണക്കുകൾ നൽകിയത്. 17,08,777 പേരാണ് 2011 മുതൽ 2021 വരെയുള്ള പത്ത് വർഷത്തിനിടെ വൈറസ് ബാധിതരായത്.

2011-12 കാലയളവിൽ സുരക്ഷിതമാർഗങ്ങൾ അവലംബിക്കാതെയുള്ള ലൈംഗികബന്ധത്തിലൂടെ 2.5 ലക്ഷം പേർ എച്ച്.ഐ.വി. ബാധിതരായി. എന്നാൽ 2020-21 കാലയളവിൽ എച്ച്.ഐ.വി. ബാധിതരായവരുടെ എണ്ണം 85,268 ആയി കുറഞ്ഞു. പത്ത് വർഷത്തിനിടെ സംസ്ഥാനാടിസ്ഥാനത്തിലുള്ള കണക്കനുസരിച്ച് ആന്ധ്രാപ്രദേശാണ് എച്ച്.ഐ.വി. ബാധിതരുടെ കാര്യത്തിൽ ഒന്നാം സ്ഥാനത്ത്. 3,18,814 പേരാണ് സംസ്ഥാനത്ത് പത്ത് കൊല്ലത്തിനിടെ രോഗബാധിതരായത്. രോഗബാധിതരുടെ കാര്യത്തിൽ രണ്ടാം സ്ഥാനത്തുള്ളത് മഹാരാഷ്ട്രയാണ്. 2,84,547 പേരാണ് മഹാരാഷ്ട്രയിൽ എച്ച്.ഐ.വി ബാധിതരായത്. കർണാടകയിൽ 2,12,982 പേരും തമിഴ്നാട്ടിൽ 1,16,536 പേരും ഉത്തർപ്രദേശിൽ 1,10,911 പേരും ഗുജറാത്തിൽ 87,440 പേരും എച്ച്‌ഐവി ബാധിതരായി.

രക്തദാനത്തിലൂടെയും പ്ലാസ്മ തുടങ്ങിയ രക്തത്തിലെ ഘടകങ്ങളുടെ കൈമാറ്റത്തിലൂടെ 15,782 പേർക്കാണ് 2011-12 മുതൽ 2020-21 വരെയുള്ള കാലയളവിൽ വൈറസ് പകർന്നത്. അമ്മമാരിൽ നിന്ന് 4,423 കുഞ്ഞുങ്ങൾക്ക് രോഗം ബാധിച്ചതായി ആന്റിബോഡി പരിശോധനയിലൂടെ കണ്ടെത്തിയിട്ടുണ്ട്. 2020 ലെ കണക്കനുസരിച്ച് ഇന്ത്യയിൽ 23,18,737 പേർ എച്ച്.ഐ.വി. ബാധിതരായി. ഇതിൽ 81,430 പേർ കുട്ടികളാണ്. പരിശോധനയുടെ സമയത്തോ വൈറസ് ബാധ സ്ഥിരീകരിച്ചതിന് ശേഷമോ എച്ച്.ഐ.വി. പോസിറ്റീവായ വ്യക്തികൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള കണക്കായതിനാൽ പൂർണമായും വ്യക്തിപരമായ വിവരമാണിതെന്ന് നാകോ അറിയിച്ചു.