ഐപിഎല്‍ ഫൈനല്‍ അഹമ്മദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍

ഐപിഎല്‍ ഫൈനല്‍ മത്സരം അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ വച്ച് നടക്കും. മെയ് 29 നാണ് കലാശപ്പോര്. 27ന് രണ്ടാം ക്വാളിഫയറും അഹമ്മദാബാദില്‍ വച്ച് തന്നെ നടക്കും. ഒന്നാം ക്വാളിഫയറും എലിമിനേറ്ററും കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ വച്ചാവും നടക്കുക. എല്ലാ മത്സരങ്ങള്‍ക്കും പൂര്‍ണ തോതില്‍ കാണികളെ അനുവദിക്കുമെന്ന് ബിസിസിഐ അപെക്‌സ് കൗണ്‍സില്‍ യോഗത്തിനു ശേഷം പ്രസിഡന്റ് സൗരവ് ഗാംഗുലി അറിയിച്ചു.

അതേസമയം, വനിതാ ടി-20 ചലഞ്ച് അടുത്ത മാസം നടക്കും. ലക്‌നൗവില്‍ മെയ് 24 മുതല്‍ 28 വരെയാവും ടി-20 ചലഞ്ച് നടക്കുക. സ്‌പോര്‍ട്സ്റ്റാര്‍ ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ, പൂനെയിലാണ് വനിതാ ടി-20 ചലഞ്ച് തീരുമാനിച്ചിരുന്നത്. എന്നാല്‍, ലക്‌നൗവിലെ ഏകന സ്റ്റേഡിയത്തില്‍ വച്ച് നടത്താനാണ് പുതിയ തീരുമാനം.

വനിതാ ഐപിഎല്‍ അടുത്ത വര്‍ഷം മുതലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആദ്യ ഘട്ടത്തില്‍ 6 ടീമുകളാണ് ഉണ്ടാവുകയെന്നും ഇതിനുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നും ഒരു ബിസിസിഐ പ്രതിനിധി പറഞ്ഞതായി സ്‌പോര്‍ട്‌സ് തക് റിപ്പോര്‍ട്ട് ചെയ്തു. പുരുഷ ഐപിഎല്‍ പോലെ വനിതാ ഐപിഎലും നടത്തണമെന്ന് ഏറെക്കാലമായി ആവശ്യമുയരുന്നുണ്ട്.