‘റോക്കി ഭായി’യെ കാണാന്‍ ആഗ്രഹിച്ച കുഞ്ഞാരാധകന് മറുപടിയുമായി യാഷ്‌

വെറും രണ്ട് സിനിമകള്‍ കൊണ്ട് കന്നഡ സിനിമയില്‍ തിളങ്ങിയ നടന്‍ യാഷ് കേരളത്തിലടക്കം നിരവധി ആരാധകരെ സമ്പാദിച്ചു കഴിഞ്ഞു. കെജിഎഫ് ചാപ്റ്റര്‍ 2 ഇറങ്ങിയതോടെ റോക്കി ഫാന്‍സ് ഡബിള്‍ സ്ട്രോംഗ് ആയി. താരത്തിന്റെ നിരവധി വീഡിയോകളും സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് കെജിഎഫ് കണ്ട ശേഷം റോക്കി ഭായിയെ നേരിട്ട് കാണാന്‍ ആഗ്രഹിക്കുന്ന ഒരു കുട്ടി ആരാധകന്റേതായി ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

‘കെജിഎഫ് കണ്ട സമയം മുതല്‍ അവന്‍ റോക്കി ഭായിയെ കാണണമെന്ന് പറയുന്നുണ്ട്, അവന്‍ വളരെ സങ്കടത്തിലാണ്, നിങ്ങളെ കാണാന്‍ ആഗ്രഹിക്കുന്നു’ എന്ന ക്യാപ്ഷനോടെയാണ് കുട്ടിയുടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധി ആളുകള്‍ ഈ വീഡിയോ ഷെയര്‍ ചെയ്ത് ഒടുവില്‍ റോക്കി ഭായ് തന്നെ വീഡിയോ കാണ്ടു. ഉടന്‍ മറുപടിയും എത്തി. ‘നിന്റെ റോക്കി ഭായ് ഇത് കാണുന്നു. സന്തോഷമായിരിക്കൂ, വിഷമിക്കുന്നത് എനിക്ക് ഇഷ്ടമല്ല’ എന്നായിരുന്നു യഷിന്റെ മറുപടി. തുടര്‍ന്ന് താരത്തിന് നന്ദിയറിയിച്ചുകൊണ്ട് വീഡിയോ പങ്കുവെച്ചയാളും രംഗത്തെത്തി.