ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കല്‍ നടപടി ഏഴ് ദിവസത്തിനകം പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പിഴ; പുതിയ നിയമവുമായി ആര്‍ബിഐ

ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് എന്നിവ സംബന്ധിച്ച് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന പുതിയ നിയമ ഭേദഗതികള്‍ ജൂലൈ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാന്‍ ഒരു ഉപയോക്താവില്‍ നിന്ന് അപേക്ഷ ലഭിച്ചാല്‍, അത് കുടിശികയില്ലാത്ത അക്കൗണ്ട് ആണെങ്കില്‍ 7 ദിവസത്തിനുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കണം എന്ന് ആര്‍ബിഐ അറിയിച്ചു. അല്ലെങ്കില്‍ പ്രതിദിനം 500 രൂപ വച്ച് പിഴ ഈടാക്കുമെന്നും ആര്‍ബിഐ വ്യക്തമാക്കി. ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്കാണ് ഈ തുക നല്‍കേണ്ടത്.

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കിയതിനു ശേഷം, കാര്‍ഡ് ഉടമയെ ഇമെയില്‍, എസ്എംഎസ് തുടങ്ങിയ സേവനങ്ങള്‍ വഴി ഉടന്‍ തന്നെ വിവരം അറിയിക്കണം. എല്ലാ ഷെഡ്യൂള്‍ഡ് ബാങ്കുകള്‍, സംസ്ഥാന സഹകരണ ബാങ്കുകള്‍, ജില്ലാ സഹകരണ ബാങ്കുകള്‍, ബാങ്കിങിതര ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവക്കെല്ലാം പുതിയ വ്യവസ്ഥകള്‍ ബാധകമാണ്. ഹെല്‍പ്പ് ലൈന്‍, ഇമെയില്‍, ബാങ്കിന്റെ വെബ്‌സൈറ്റിലെ ലിങ്ക്, മൊബൈല്‍ ബാങ്കിങ് എന്നിവയെല്ലാം ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാന്‍ കാര്‍ഡ് ഉടമക്ക് ഉപയോഗിക്കാം. തപാല്‍ വഴി അയക്കുന്ന അപേക്ഷകള്‍ ലഭിക്കാന്‍ കാലതാമസം നേരിടുന്നതിനാല്‍ ഇതിനായി കാര്‍ഡ് ഉടമകളെ ബാങ്കുകള്‍ നിര്‍ബന്ധിക്കരുത് എന്നും ആര്‍ബിഐ പറയുന്നു.

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കുന്ന സമയത്ത് ബാലന്‍സ് എന്തെങ്കിലുമുണ്ടെങ്കില്‍ ഉപയോക്താവിന്റെ അക്കൗണ്ടിലേക്ക് അത് ട്രാന്‍സ്ഫര്‍ ചെയ്യണം. ഒരു വര്‍ഷത്തില്‍ അധികമായി ഉപയോഗത്തില്‍ ഇല്ലാത്ത ക്രെഡിറ്റ് കാര്‍ഡ് ആണെങ്കില്‍ കാര്‍ഡ് ഉടമയെ അറിയിച്ചതിന് ശേഷം ബാങ്കുകള്‍ക്ക് കാര്‍ഡ് റദ്ദാക്കുന്നതിനുള്ള നടപടികള്‍ തുടങ്ങാം. 30 ദിവസത്തിനുള്ളില്‍ കാര്‍ഡ് ഉടമയില്‍ നിന്ന് മറുപടി ലഭിച്ചില്ലെങ്കില്‍ ബാങ്കിന് കാര്‍ഡ് റദ്ദാക്കാവുന്നതാണ്. കാര്‍ഡ് റദ്ദാക്കിയ വിവരം 30 ദിവസത്തിനുള്ളില്‍ ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനിയെ അറിയിക്കുകയും വേണം. ക്രെഡിറ്റ് കാര്‍ഡുകളുടെ പേരില്‍ ബാങ്കുകള്‍ നടത്തുന്ന കൊള്ള തടയാന്‍ സഹായിക്കുന്നതാണ് ആര്‍ബിഐയുടെ പുതിയ നിയമങ്ങള്‍.