സന്തോഷ് ട്രോഫി: ഗ്രൂപ്പ് ചാമ്പ്യന്മാരായി കേരളം സെമിയില്‍

മലപ്പുറം: സന്തോഷ് ട്രോഫിയില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പഞ്ചാബിനെ തകര്‍ത്ത് കേരളം. ക്യാപ്റ്റന്‍ ജിജോ ജോസഫ് ഇരട്ട ഗോള്‍ നേടി. ഇതോടെ സന്തോഷ് ട്രോഫിയില്‍ കേരളം സെമിയില്‍ പ്രവേശിച്ചിരിക്കുകയാണ്. ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് കേരളത്തിന്റെ മുന്നേറ്റം.

11-ാം മിനിറ്റില്‍ മന്‍വീര്‍ സിംഗിന്റെ ഗോളില്‍ പഞ്ചാബ് മുന്നിലെത്തിയിരുന്നു. എന്നാല്‍, അഞ്ച് മിനിറ്റിനകം കേരളം തിരിച്ചടിച്ചു. 16-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ജിജോ ജോസഫിന്റെ ഗോളിലൂടെ കേരളം സമനിലയിലെത്തി. കളി അവസാനഘട്ടത്തിലേയ്ക്ക് അടുത്തപ്പോഴാണ് കേരളത്തിന്റെ വിജയ ഗോള്‍ പിറന്നത്.

അഞ്ച് മിനിറ്റ് ബാക്കിനില്‍ക്കെയാണ് കേരളം വീണ്ടും ഗോളടിച്ച് മുന്നിലെത്തിയത്. നായകന്‍ തന്നെയാണ് രണ്ടാം ഗോളും വിരിയിച്ചത്. ഇതോടെ, സന്തോഷ് ട്രോഫി സെമി ഫൈനല്‍ റൗണ്ടിലേയ്ക്ക് കടക്കുന്ന ആദ്യ ടീമായി കേരളം. 10 പോയിന്റുകളുമായി കേരളം ഗ്രൂപ്പില്‍ ഒന്നാമതാണ്.