ന്യൂഡൽഹി: ഓൺലൈൻ വഴിയുള്ള സാമ്പത്തിക തട്ടിപ്പുകളെ കുറിച്ച് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഓൺലൈൻ തട്ടിപ്പുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് എസ്ബിഐ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്നത്. തിരഞ്ഞെടുക്കപ്പെട്ട രണ്ടു നമ്പരുകളിൽ നിന്നുള്ള കോളുകൾ എടുക്കരുതെന്ന് എസ്ബിഐ അറിയിച്ചു.
+91-8294710946, +91-7362951973 എന്നി നമ്പരുകളിൽ നിന്നുള്ള കോളുകൾക്ക് പ്രതികരിക്കരുതെന്നാണ് എസ്ബിഐയുടെ മുന്നറിയിപ്പ്. ഈ നമ്പരുകളിൽ നിന്ന് ബാങ്ക് ഇടപാടുകാർക്ക് തട്ടിപ്പ് കോളുകൾ വരുന്നതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് അധികൃതരുടെ നടപടി. കെവൈസി അപ്ഡേറ്റ്സ് എന്ന പേരിൽ വരുന്ന വ്യാജ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും എസ്.ബി.ഐ വ്യക്തമാക്കി. ഈ നമ്പരുകളിൽ നിന്ന് വിളിച്ച് ലിങ്കിൽ ക്ലിക്ക് ചെയ്യാൻ ആവശ്യപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം കോളുകൾ എടുക്കുകയോ, ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ ചെയ്താൽ പണം നഷ്ടപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് എസ്ബിഐ ട്വിറ്ററിൽ കുറിച്ചു,
സാമ്പത്തിക തട്ടിപ്പ് ലക്ഷ്യമിട്ടുള്ള വ്യാജ ഇമെയിൽ സന്ദേശങ്ങൾ ലഭിച്ചാൽ ഉടൻ തന്നെ ബാങ്കിന്റെ ശ്രദ്ധയിൽപ്പെടുത്തണമെന്നും എസ്ബിഐ ഉപഭോക്താക്കൾക്ക് നിർദ്ദേശം നൽകി. report.phishing@sbi.co.in എന്ന മെയിൽ വഴി തട്ടിപ്പ് സന്ദേശങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് ചെയ്യാം.

