ശബരിമല ദർശനം; വെർച്വൽ ക്യൂ സംവിധാനം ദേവസ്വം ബോർഡ് ഏറ്റെടുക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല ദർശനത്തിന് ഏർപ്പെടുത്തിയ വെർച്വൽ ക്യൂ സംവിധാനം ദേവസ്വം ബോർഡ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി. വെർച്ച്വൽ ക്യൂ സംവിധാനം ദേവസ്വത്തിനു കൈമാറണം എന്നാവശ്യപ്പെട്ടുള്ള വിവിധ ഹർജികളിലാണ് കോടതി ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

ശബരിമലയിൽ വെർച്വൽ ക്യൂ സംവിധാനം ഏർപ്പെടുത്താനും നിയന്ത്രിക്കാനും പൊലീസിന് എന്ത് അധികാരമാണുള്ളതെന്ന് നേരത്തെ ഹൈക്കോടതി ചോദിച്ചിരുന്നു. ക്ഷേത്രം ട്രസ്റ്റി എന്ന നിലയിൽ ദേവസ്വം ബോർഡിനാണ് ഇതിനുള്ള അധികാരമെന്നായിരുന്നു കോടതിയുടെ വിലയിരുത്തൽ.

മറ്റു ക്ഷേത്രങ്ങളിലെ എന്ന പോലെ ശബരിമലയിലും ബോർഡിനാണ് കാര്യങ്ങൾ തീരുമാനിക്കാൻ അധികാരമുള്ളതെന്നും കോടതി നിരീക്ഷിച്ചു. വെർച്വൽ ക്യു ഏർപ്പെടുത്തിയതിൽ ദുരുദ്ദേശം ഇല്ലെന്നും സുഗമമായ ദർശനത്തിനാണ് വെർച്വൽ ക്യു കൊണ്ടുവന്നിരിക്കുന്നതെന്നും സർക്കാർ കോടതിയിൽ വാദിച്ചിരുന്നു.