പ്ലസ് വണ്‍ പരീക്ഷ മാറ്റി; പ്രവേശനോത്സവം ജൂണ്‍ 1ന്: മന്ത്രി വി. ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ ജൂണ്‍ 13 മുതല്‍ 30 വരെ നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. ജൂണ്‍ രണ്ടു മുതല്‍ മോഡല്‍ പരീക്ഷയും നടത്തും. സംസ്ഥാനത്ത് സ്‌കൂളുകളിലെ പ്രവേശനോത്സവം ജൂണ്‍ ഒന്നിന് നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

‘ഒന്നാം ക്ലാസ് പ്രവേശനം ഏപ്രില്‍ 27 മുതല്‍ നടത്താനും തീരുമാനമായി. പുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായിട്ടുണ്ട്.സ്‌കൂള്‍ പ്രവേശനത്തിനായി 9.34 ലക്ഷം കുട്ടികളാണ് പുതുതായി എത്തിയത്. സജീവമായ പ്രവൃത്തി ദിനങ്ങളാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. മിക്സഡ് സ്‌കൂളുകളാക്കാന്‍ നിരവധി അപേക്ഷകള്‍ ലഭിക്കുന്നുണ്ട് .കൃത്യമായ മാര്‍ഗരേഖ പ്രകാരം അപേക്ഷിക്കുന്നവര്‍ക്ക് അനുവദിക്കും. ജെന്‍ഡര്‍ യൂണിഫോമിന്റെ കാര്യം സ്‌കൂളുകള്‍ക്ക് തീരുമാനിക്കാം. കേരള സംസ്‌കാരത്തിന് യോജിക്കുന്നതാകണം യൂണിഫോം. വിവാദമാകുന്ന യൂണിഫോമുകള്‍ തീരുമാനിക്കരുത്. ലിംഗസമത്വമുള്ള യൂണിഫോമുകള്‍ തീരുമാനിക്കാം’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, മെയ് രണ്ടാമത്തെ ആഴ്ച മുതല്‍ 1 മുതല്‍ 10 വരെയുള്ള 1,34,000 അദ്ധ്യാപകര്‍ക്ക് പരിശീലനം നല്‍കും. കെട്ടിക്കിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ അദാലത്ത് നടത്തും. പിടിഎയുടെ പ്രവര്‍ത്തനത്തിന് മാര്‍ഗരേഖ തയ്യാറാക്കും. സംസ്ഥാന സിലബസ് പിന്തുടരുന്ന എല്ലാ സ്‌കൂളുകള്‍ക്കും ഇത് ബാധകമാണെന്നും അക്കാദമിക് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്നും മന്ത്രി അറിയിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.