ന്യൂഡല്‍ഹി: രാജ്യത്ത് അടുത്ത 30 ദിവസത്തേക്കുള്ള കല്‍ക്കരി ശേഖരം ഉണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര സര്‍ക്കാര്‍. നിലവില്‍ കോള്‍ ഇന്ത്യാ ലിമിറ്റഡിന്റെ പക്കല്‍ 72.5 ദശലക്ഷം ടണ്‍ കല്‍ക്കരി ശേഖരമുണ്ട്. താപ വൈദ്യുതി നിലയങ്ങളില്‍ 22 ദശലക്ഷം ടണ്‍ കല്‍ക്കരിയുണ്ട്. രാജ്യത്തെ താപവൈദ്യുത നിലയങ്ങളിലെ പ്രതിദിന കല്‍ക്കരി ഉപയോഗം 2.1 ദശലക്ഷം ടണ്ണാണ്. ഇനിയും 30 ദിവസത്തേക്കുള്ള കല്‍ക്കരി ശേഖരം ഉണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
ഇന്ത്യയില്‍ താപവൈദ്യുത നിലയങ്ങളില്‍ തുടര്‍ന്നു വരുന്ന കല്‍ക്കരി ക്ഷാമം, വരാനിരിക്കുന്ന വന്‍ വൈദ്യുതി പ്രതിസന്ധിയുടെ സൂചനയാണെന്ന് ഇന്നലെ ഓള്‍ ഇന്ത്യ പവര്‍ എഞ്ചിനീയര്‍സ് ഫെഡറേഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെയാണ് സര്‍ക്കാര്‍ പ്രതികരണവുമായെത്തിയത്. സംസ്ഥാനങ്ങളിലെല്ലാം വൈദ്യുതി ഉപയോഗം വര്‍ദ്ധിച്ചതോടെ പല താപവൈദ്യുത നിലയങ്ങളും കല്‍ക്കരി ക്ഷാമം നേരിടുന്നുണ്ടെന്നും ഫെഡറേഷന്‍ പറഞ്ഞിരുന്നു. കല്‍ക്കരി ഇല്ലാതായതോടെ വൈദ്യുതി ഉല്‍പാദനം കുറഞ്ഞുവെന്നാണ് ഫെഡറേഷന്റെ വാദം. ഇതോടെ ആവശ്യത്തിന് വൈദ്യുതി കിട്ടാനില്ലാത്ത സ്ഥിതിയിലാണ് പല സംസ്ഥാനങ്ങളും ഉള്ളതെന്നും ഫെഡറേഷന്‍ ചൂണ്ടിക്കാട്ടുന്നു. ഇത് തുടര്‍ന്നാല്‍ രാജ്യം വലിയ വൈദ്യുതി പ്രതിസന്ധിയെനേരിടേണ്ടി വരുമെന്ന് ഫെഡറേഷന്‍ വക്താവ് എകെ ഗുപ്ത ആശങ്കയറിയിച്ചു.
അതേസമയം, രാജ്യത്ത് 54 താപവൈദ്യുത നിലയങ്ങളില്‍ 28 എണ്ണത്തിലും കല്‍ക്കരി ക്ഷാമം അതീവ ഗുരുതരാവസ്ഥയില്‍ ആണെന്ന് ഫെഡറേഷന്‍ വ്യക്തമാക്കുന്നു. രാജസ്ഥാനും ഉത്തര്‍പ്രദേശും ആണ് ഏറ്റവും കൂടുതല്‍ പ്രതിസന്ധി നേരിടുന്ന സംസ്ഥാനങ്ങള്‍. പഞ്ചാബിലെ രാജ്പുര താപ വൈദ്യുത നിലയത്തിലെ അസംസ്‌കൃത കല്‍ക്കരി സ്റ്റോക്ക് 17 ദിവസത്തേക്ക് മാത്രമേയുള്ളൂ. പഞ്ചാബില്‍ ജി വി കെ തെര്‍മല്‍ പ്ലാന്റ് ആവശ്യത്തിന് കല്‍ക്കരി ഇല്ലാതെ പ്രവര്‍ത്തനം നിര്‍ത്തുകയും ചെയ്തിട്ടുണ്ട്.

