വെള്ളം കുടിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ…..

ശരീരത്തിന്റെ ആരോഗ്യം നിലനിർത്താൻ ധാരാളം വെള്ളം കുടിക്കേണ്ടതുണ്ട്. അവയവങ്ങളുടെ ശരിയായ പ്രവർത്തനത്തിന് വെള്ളം കുടിക്കുന്നത് വളരെ പ്രധാനമാണ്. വെള്ളം കുടിക്കുന്നത് കുറയുന്നതിലൂടെ നമ്മുടെ ചർമ്മത്തിനും മുടിയ്ക്കും ആരോഗ്യത്തിനുമെല്ലാം പ്രശ്‌നമുണ്ടാകും. വെള്ളം വെറുതെയങ്ങ് കുടിക്കുകയല്ല വേണ്ടത്. വെള്ളം കുടിക്കുന്നതിനും ചില രീതികളൊക്കെയുണ്ട്. തെറ്റായ രീതിയിൽ വെള്ളം കുടിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും.

മിക്കവരും കുപ്പിയിലെ വെള്ളമാണ് കുടിക്കാറുള്ളത്. ഇത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.. ഒരു കുപ്പിയിൽ നിന്ന് വെള്ളം കുടിക്കുമ്പോൾ കുറച്ച് വെള്ളം മാത്രമായിരിക്കും കുടിക്കുക. ദാഹം ശമിപ്പിക്കാൻ മാത്രമെ ഇത് കൊണ്ട് കഴിയൂ. ഒരു ഗ്ലാസിൽ വെള്ളം എടുത്ത് കുടിയ്ക്കുകയാണ് വെള്ളം കുടിക്കാനുള്ള ശരിയായ മാർഗം. സാവധാനം സിപ്പ് ചെയ്താണ് വെള്ളം കുടിക്കേണ്ടത്. അമിത സമ്മർദ്ദവും മറ്റ് ബുദ്ധിമുട്ടുകളും ഇതിലൂടെ ഒഴിവാക്കാൻ കഴിയും.

പലപ്പോഴും നിന്നുകൊണ്ടാണ് ആളുകൾ വെള്ളം കുടിക്കുന്നത്. ഇത് ശരീരത്തിന് ദോഷം ചെയ്യുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. നിന്നുകൊണ്ട് വെള്ളം കുടിക്കുന്നത് ശരീര ദ്രാവകങ്ങളുടെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുമെന്നും പിന്നീട് സന്ധികളിൽ പ്രശ്‌നങ്ങൾ ഉണ്ടാകാൻ തുടങ്ങുമെന്നും ആയുർവേദത്തിൽ പറയുന്നു. അതുകൊണ്ടാണ് വെള്ളം എപ്പോഴും ഇരുന്നു കുടിക്കാൻ ശ്രദ്ധിക്കണമെന്ന് പറയുന്നത്.

അധികം തണുത്ത വെള്ളം കുടിക്കുന്നതും ദഹനവ്യവസ്ഥയെ തകരാറിലാക്കും. വേനൽക്കാലത്ത് പരമാവധി തണുത്ത വെള്ളം കുടിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ഇത് പലപ്പോഴും ആളുകളുടെ പ്രതിരോധശേഷിയെ ദുർബലപ്പെടുത്തും. തിളപ്പിച്ചാറിയതോ അല്ലെങ്കിൽ ചെറുചൂടുള്ളതോ ആയ വെള്ളം കുടിക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമം.